
ദുബായ്: വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്‌വി മുഖ്യാതിഥിയായി എത്തുന്നതോടെ, ട്രോഫി സമ്മാനിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. സെപ്റ്റംബർ 13-ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിന്‍റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ നഖ്‌വി ദുബായിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം കിരീടം നേടുകയാണെങ്കിൽ, നഖ്‌വിയിൽ നിന്ന് വിജയികൾക്കുള്ള ട്രോഫി സ്വീകരിക്കുമോ എന്ന കാര്യത്തിൽ കായികലോകത്ത് വലിയ ചർച്ച ഉയർന്നു കഴിഞ്ഞു.
കഴിഞ്ഞ വർഷം ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന പുരുഷ ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ, പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സരശേഷം അന്നത്തെ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ടീം മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ചു. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലും നഖ്‌വിയിൽ നിന്നുള്ള ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുടെ തുടർച്ചയായുമായിരുന്നു ഇന്ത്യയുടെ ഈ കടുത്ത തീരുമാനം. തർക്കങ്ങളെ തുടർന്ന് സമ്മാനദാനം മണിക്കൂറുകളോളം വൈകിയെങ്കിലും ഇന്ത്യ നിലപാടിൽ ഉറച്ചുനിൽക്കുകയും ട്രോഫിയില്ലാതെ വേദിയിൽ വിജയം ആഘോഷിക്കുകയും ചെയ്തു. ആ ട്രോഫി ഇപ്പോഴും ദുബായിലെ എസിസി ഓഫീസിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന വനിതാ ഏഷ്യാ കപ്പിൽ തോൽവിയറിയാതെയാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ തായ്‌ലൻഡ്, ഹോങ്കോങ് എന്നിവരെ തകർത്ത ഇന്ത്യ, പാകിസ്ഥാനെ വെറും 55 റൺസിന് ഓൾഔട്ടാക്കി 7 വിക്കറ്റിന്‍റെ വമ്പൻ ജയം നേടിയിരുന്നു. ടൂർണമെന്‍റിനിടെ ഇന്ത്യൻ താരം സ്മൃതി മന്ദാന, മിതാലി രാജിന്‍റെ റെക്കോർഡ് മറികടന്ന് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും സ്വന്തമാക്കി. ടൂർണമെന്‍റിൽ കിരീട സാധ്യതയിൽ ഏറെ മുന്നിലുള്ള ഇന്ത്യ ഫൈനലിലെത്തി വിജയിച്ചാൽ, നഖ്‌വി ട്രോഫി സമ്മാനിക്കുന്നതിൽ ബിസിസിഐയും ഇന്ത്യൻ ടീമും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!