
ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച് 12 ഓവറില്‍ 96 റണ്‍സ് നേടിയ ഷഫാലി വര്‍മയും ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 44 പന്തില്‍ 55 റണ്‍സെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായി റുമാന അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.
തകര്‍ത്തടിച്ച് തുടക്കം, പിന്നെ തകര്‍ച്ച
ഹര്‍മന്‍പ്രീത് കൗറിന്‍റെ അഭാവത്തില്‍ ക്യാപ്റ്റനായി ഇറങ്ങിയ സ്മൃതി മന്ഥാനയും ഷഫാലി വര്‍മയും തുടക്കത്തിലെ തകര്‍ത്തടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് കുതിച്ചു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 59 റണ്‍സിലെത്തിച്ചു. തുടക്കത്തില്‍ സ്മൃതിയാണ് ആക്രമണം നയിച്ചതെങ്കില്‍ പിന്നീട് ഷഫാലി അത് ഏറ്റെടുത്തു. ഇതോടെ 12 ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 96 റണ്‍സിലെത്തി.
പന്ത്രണ്ടാം ഓവറിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറിക്ക് അരികെ സ്മൃതി മടങ്ങി. 38 പന്തില്‍ 47 റണ്‍സായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍റെ സംഭാവന. പിന്നാലെ ഷഫാലി അര്‍ധസെഞ്ചുറിയിലെത്തി. 38 പന്തിലാണ് ഷഫാലി അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഷഫാലിയും വീണു. 44 പന്തില്‍ 55 റണ്‍സെടുത്ത ഷഫാലിയെ റുമാന അഹമ്മദ് ബൗള്‍ഡാക്കി.
വണ്‍ഡൗണായി എത്തിയ ജെമീമ റോഡ്രിഗസ് തകര്‍ത്തടിച്ചെങ്കിലും റിച്ച ഘോഷും(4), കിരണ്‍ നാവ്‌ഗിരെയും(0) നിരാശപ്പെടുത്തിയതോടെ ഇന്ത്യ 125-4ലേക്ക് വീണു. എന്നാല്‍ അവസാന ഓവറുകളില്‍ ദീപ്തി ശര്‍മക്കൊപ്പം ജെമീമ(24 പന്തില്‍ 35*) നടത്തിയ പോരാട്ടം ഇന്ത്യയെ 150 കടത്തി. പത്തൊമ്പതാം ഓവറില്‍ സ്വന്തം ബൗളിംഗില്‍ റുമാന അഹമ്മദ് ജെമീമയെ കൈവിട്ടത് ഇന്ത്യക്ക് തുണയായി. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ റുമാനക്ക് ഹാട്രിക്ക് സ്വന്തമാക്കാമായിരുന്നു. ആ ഓവറില്‍ ഫോറും സിക്സും അടക്കം 15 റണ്‍സ് വാരിയാണ് ഇന്ത്യ 150 കടന്നത്.
എന്നാല്‍ അവസാന ഓവറില്‍ ദീപ്തി(10) പുറത്തായതോടെ ആറ് റണ്‍സ് നേടാനെ ഇന്ത്യക്കായുള്ളു. ഇന്നലെ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനോട് ഇന്ത്യന്‍ വനിതകള്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു.