
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് നിലവിലെ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രിക്ക് ക്യാപ്റ്റന്‍ വിരാട് കോലി പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ ഇത് പരിഗണിക്കില്ലെന്ന് വ്യക്തമാക്കി ഉപദേശക സമിതി അംഗം അന്‍ഷുമാന്‍ ഗെയ്ക്‌വാദ്. പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ മുന്‍വിധികളൊന്നുമുണ്ടാവില്ലെന്ന് ഗെയ്ക്‌വാദ് പറഞ്ഞു.
വിരാട് കോലി എന്തു പറഞ്ഞുവെന്നോ മറ്റുള്ളവര്‍ എന്ത് പറഞ്ഞുവെന്നോ ഉപദേശക സമിതിക്ക് പരിഗണിക്കേണ്ട കാര്യമില്ലെന്നും ഗെയ്‌ക്‌വാദ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം വനിതാ ടീമിന്റെ പരിശീലകനായി ഡബ്ല്യു വി രാമനെ തെരഞ്ഞെടുത്തതും ഇതേ സമിതിയാണ്. അന്ന് ആരുടെയും അഭിപ്രായം തങ്ങള്‍ തേടിയിരുന്നില്ലെന്നും ഗെയ്ക്‌വാദ് പിടിഐയോട് പറഞ്ഞു.
വനിതാ ടീം പരിശീലകനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും ഞങ്ങള്‍ പരിഗണിച്ചില്ല. അതുപോലെ വിരാട് കോലി എന്തു പറഞ്ഞുവെന്നോ രവി ശാസ്ത്രി എന്തു പറഞ്ഞുവെന്നോ ഞങ്ങള്‍ക്ക് നോക്കേണ്ട കാര്യമില്ല. ബിസിസഐ ഞങ്ങളോട് എന്താണോ ആവശ്യപ്പെട്ടിരിക്കുന്നത് അത് ചെയ്യുക എന്നതാണ് ഞങ്ങളുടെ ചുമതല. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇക്കാര്യത്തെക്കുറിച്ച് ഉപദേശക സമിതി അംഗങ്ങള്‍ പരപസ്പരം ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഗെയ്ക്‌വാദ് പറഞ്ഞു.
കളിക്കാരെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്നതും ആസൂത്രണ മികവും സാങ്കേതികമായുള്ള അറിവുമാണ് പരിശീലക സ്ഥാനത്തേക്ക് പ്രധാനമായും പരിശോധിക്കുകയെന്നും ഗെയ്‌ക്‌വാദ് വ്യക്തമാക്കി. കപില്‍ ദേവ്, ഗെയ്‌ക്‌വാദ് , ശാന്താ രംഗസ്വാമി എന്നിവടങ്ങിയ ഉപദേശക സമിതിയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയവരുടെ അഭിമുഖം നടത്തി തെരഞ്ഞെടുപ്പ് നടത്തുക. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തിരിക്കുന്നതിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലാണ് വിരാട് കോലി രവി ശാസ്ത്രി തന്നെ പരിശീലകനായി വന്നാല്‍ കൂടുതല്‍ സന്തോഷം എന്ന് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!