
മുംബൈ: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം പുറത്തുവന്നതിന് പിന്നാലെ സെമി ഫൈനലിലെത്തുന്ന ടീമുകളെ പ്രവചിച്ച് വീരേന്ദര്‍ സെവാഗ്. മുംബൈയില്‍ നടന്ന ചടങ്ങില്‍ സെവാഗും ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ചേര്‍ന്നായിരുന്നു മത്സരക്രമം പുറത്തുവിട്ടത്. പിന്നാലെ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിക്കാന്‍ സെവാഗിനോട് മുരളീധരന്‍ ആവശ്യപ്പെടുകയായിരുന്നു.
സെവാഗിന്‍റെ പ്രവചനം അനുസരിച്ച് സെമിയിലെത്തുന്ന ഒരു ടീം ഉറപ്പായും ആതിഥേയരായ ഇന്ത്യയായിരിക്കും. ഇതിന് പുറമെ സെമിയിലെത്തുന്ന ടീമുകളായി സെവാഗ് തെരഞ്ഞെടുത്തത് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്, മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ ടീമുകളെയാണ്. 2011ലെ ഇന്ത്യന്‍ ടീം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി ലോകകപ്പ് നേടാനാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കില്‍ ഇത്തവണ അത് വിരാട് കോലിക്ക് വേണ്ടിയാകണമെന്ന് സെവാഗ് പറഞ്ഞു.
ടീമിലെ എല്ലാവരും കോലിക്കു വേണ്ടി ലോകകപ്പ് നേടാനായി ഇറങ്ങണം. കാരണം കോലി മഹാനായ കളിക്കാരനാണ്, ഒപ്പം മറ്റ് താരങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യനും-സെവാഗ് പറഞ്ഞു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ സെമിയില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ-ഇംഗ്ലണ്ട് ടീമുകളാണ് ഏറ്റുമുട്ടിയത്. മഴ പലതവണ കളിമുടക്കിയ കളിയില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയപ്പോള്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ടും ഫൈനലില്‍ എത്തി.
ലോകകപ്പ് ചിരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ നിശ്ചിത ഓവറിലും പിന്നീട് നടന്ന സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ നിശ്ചിത ഓവറുകളില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്ന ഏറെ വിവാദമായ നിയമം പിന്നീട് ഐസിസി എടുത്തു കളഞ്ഞു.