
ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ നാടകീയ ജയം നേടിയിട്ടും ഇംഗ്ലണ്ടിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ കനത്ത തിരിച്ചടി. ലോര്‍ഡ്സ് ടെസ്റ്റിലെ കുറഞ്ഞ ഓവർനിരക്കിന്‍റെ പേരില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്‍റെ രണ്ട് പോയന്‍റ് ഐസിസി വെട്ടിക്കുറച്ചു. ലോര്‍ഡ്സില്‍ ഇന്ത്യക്കെതിരായ നാടകീയ ജയത്തിലൂടെ സ്വന്തമായ 12 പോയന്‍റില്‍ നിന്നാണ് രണ്ട് പോയന്‍റ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇതിന് പുറമെ ബെൻ സ്റ്റോക്സിനും സംഘത്തിനും മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഐസിസി ചുമത്തിയിട്ടുണ്ട്.
ഇന്ത്യൻ വാലറ്റത്തിന്‍റെ അസാധാരണ ചെറുത്തുനിൽപ്പുകണ്ട ലോര്‍ഡ്സ് ടെസ്റ്റില്‍ നിശ്ചിത സമയത്ത് ഇംഗ്ലണ്ട് രണ്ടോവര്‍ കുറച്ചാണ് ബൗള്‍ ചെയ്തിരുന്നത്. ഐസിസി നിയമ പ്രകാരം വൈകിയെറിയുന്ന ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ചു ശതമാനമാണ് പിഴ ചുമത്തുക. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓരോ പോയന്‍റ് വീതവും വെട്ടിക്കുറക്കുകയും ചെയ്യും. ഇതോടെയാണ് ഇംഗ്ലണ്ടിന് നിർണായകമായ രണ്ട് പോയന്‍റ് നഷ്ടമായത്.
രണ്ട് പോയന്‍റ് നഷ്ടമായതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഓസ്ട്രേലിയ 36 പോയന്‍റും 100 പോയിന്‍റ് ശതമാനവുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നേടിയ ശ്രീലങ്ക 16 പോയന്‍റും 66.67 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. 22 പോയന്‍റും 61.11 പോയന്‍റ് ശതമാനവുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്.
മൂന്ന് കളികളില്‍ ഒരു ജയം മാത്രമുള്ള ഇന്ത്യയാകട്ടെ 12 പോയന്‍റും 33.33 പോയന്‍റ് ശതമാനമാനവുമായി നാലാം സ്ഥാനത്താണുള്ളത്. 16.67 പോയന്‍റ് ശതമാനവുമായി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍ ഓസ്ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റും തോറ്റ വെസ്റ്റ് ഇൻഡീസ് ആറാമതാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ മത്സരങ്ങളൊന്നും കളിക്കാത്ത ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ജയത്തിന് 12 പോയന്‍റും ടൈ ആവുന്ന മത്സരങ്ങള്‍ക്ക് ആറ് പോയന്‍റും സമനിലക്ക് നാലു പോയന്‍റുമാണ് ടീമുകൾക്ക് ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക