ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഇംഗ്ലണ്ട് ഓസീസിന് തൊട്ടടുത്ത്; ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ

By Web TeamFirst Published Aug 26, 2020, 10:13 PM IST
Highlights

ഈ വര്‍ഷമാദ്യം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പക്ക് ശേഷം ടെസ്റ്റ് മത്സരത്തിനിറങ്ങിയിട്ടില്ലാത്ത ഇന്ത്യ ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയും അടക്കം 360 പോയന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസിനും പാക്കിസ്ഥാനുമെതിരായ ടെസ്റ്റ് പരമ്പര വിജയങ്ങളോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്‍ കുതിപ്പ് നടത്തി ഇംഗ്ലണ്ട്. 15 മത്സരങ്ങളില്‍ 292 പോയന്റുമായി ഇംഗ്ലണ്ട് ഓസ്ട്രേലിയക്ക് പുറകില്‍ മൂന്നാം സ്ഥാനത്തെത്തി. എട്ട് വിജയവും നാല് തോല്‍വിയും മൂന്ന് സമനിലകളുമാണ് ഇംഗ്ലണ്ടിനുള്ളത്. പാക്കിസ്ഥാനെതിരായ മൂന്ന് മത്സര പരമ്പര 1-0നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ടിന് പക്ഷെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ മഴ വില്ലനായതോടെ സമനില വഴങ്ങേണ്ടിവന്നത് തിരിച്ചടിയായി. ജയിച്ചിരുന്നെങ്കില്‍ ഓസീസിനെ മറികടന്ന് ഇംഗ്ലണ്ടിന് രണ്ടാം സ്ഥാനത്തെത്താമായിരുന്നു.

10 മത്സരങ്ങളില്‍ 296 പോയന്റുള്ള ഓസ്ട്രേലിയ ആണ് രണ്ടാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ഓസീസ് നേടിയത്. ഈ വര്‍ഷമാദ്യം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പക്ക് ശേഷം ടെസ്റ്റ് മത്സരത്തിനിറങ്ങിയിട്ടില്ലാത്ത ഇന്ത്യ ഒമ്പത് മത്സരങ്ങളില്‍ ഏഴ് ജയവും രണ്ട് തോല്‍വിയും അടക്കം 360 പോയന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏഴ് മത്സരങ്ങളില്‍ 180 പോയന്റുള്ള ന്യൂസിലന്‍ഡാണ് ആണ് നാലാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക പോയന്റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡ‍ീസിനും ശ്രീലങ്കക്കും പിന്നില്‍ ഒമ്പതാം സ്ഥാനത്താണ്.

ബംഗ്ലാദേശ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് പിന്നിലുള്ള ഏക ടീം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിസെ പോയന്റ് ക്രമം അനുസരിച്ച് 120 പോയന്റാണ് ഒരു പരമ്പരയില്‍ പരമാവധി നേടാനാവുക. രണ്ട് മത്സര പരമ്പരയാണെങ്കില്‍ ഓരോ മത്സരത്തിനും 60 പോയന്റ് വീതവും മൂന്ന് മത്സര പരമ്പരയില്‍ ഓരോ ജയത്തിനും 40 പോയന്റും അഞ്ച് മത്സര പരമ്പരയില്‍ ഓരോ ജയത്തിനും 24 പോയന്റ് വീതവുമാണ് ലഭിക്കുക. ടെസ്റ്റ് സമനിലയായാല്‍ പോയന്റ് പങ്കിടും.

click me!