ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ പൂര്‍ത്തിയാവുന്നു

By Web TeamFirst Published Sep 14, 2019, 10:43 PM IST
Highlights

1,10000 പേര്‍ക്ക് ഇരിക്കാനാവുന്ന സ്റ്റേഡിയത്തിന്‍റെ 90 ശതമാനം പണികളും പൂര്‍ത്തിയായി

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ, സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയം അഹമ്മദാബാദില്‍ പൂര്‍ത്തിയാവുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ മേല്‍നോട്ടത്തില്‍ 700 കോടി ചിലവിട്ടാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 1,10000 പേര്‍ക്ക് ഇരിക്കാനാവുന്ന സ്റ്റേഡിയത്തിന്‍റെ 90 ശതമാനം പണികളും പൂര്‍ത്തിയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പണി പൂര്‍ത്തിയാകുന്നതോടെ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്തള്ളി ലോകത്തിലെ ഏറ്റവുംവലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന ഖ്യാതി മൊട്ടേറയ്‌ക്ക് സ്വന്തമാകും. എംസിജിയില്‍ 95,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണുള്ളത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ച ഓസ്‌ട്രേലിയന്‍ കമ്പനി തന്നെയാണ് അഹമ്മദാബാദിനെ സ്റ്റേഡിയവും നിര്‍മ്മിക്കുന്നത്. 2020 ജനവരിയോടെ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയാകും എന്നാണ് റിപ്പോര്‍ട്ട്.

ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്‌സുകള്‍, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല, ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പ്രാക്‌ടീസ് സൗകര്യങ്ങള്‍, ആധുനിക മീഡിയ ബോക്‌സ്, 3000 കാറിനും 10,000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്റോറന്‍റുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ തുടങ്ങിയവ സവിശേഷതയാണ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍സിന്‍റെ കപ്പാസിറ്റി 62,000 മാത്രമാണ്. 

click me!