എറിഞ്ഞിട്ട് മുംബൈ ബൗളർമാർ; ഡല്‍ഹി ക്യാപിറ്റല്‍സ് 105ല്‍ പുറത്ത്

Published : Mar 09, 2023, 09:00 PM ISTUpdated : Mar 09, 2023, 09:26 PM IST
എറിഞ്ഞിട്ട് മുംബൈ ബൗളർമാർ; ഡല്‍ഹി ക്യാപിറ്റല്‍സ് 105ല്‍ പുറത്ത്

Synopsis

ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ബൗളർമാർ പിടിമുറുക്കിയാണ് മത്സരം തുടങ്ങിയത്

മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ കുറഞ്ഞ സ്കോറില്‍ തളച്ച് മുംബൈ ഇന്ത്യന്‍സ് വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18 ഓവറില്‍ 105 റണ്‍സില്‍ പുറത്തായി. ടൂർണമെന്‍റില്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിജയലക്ഷ്യമാണ് മുംബൈക്ക് മുന്നിലുള്ള 106 റണ്‍സ്. ഓപ്പണറായി ഇറങ്ങി 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗാണ് ഡല്‍ഹിയുടെ ടോപ് സ്കോറർ. മുംബൈക്കായി സൈക ഇഷാഖും ഇസി വോങും ഹെയ്‍ലി മാത്യൂസും മൂന്ന് വീതവും പൂജ വസ്ത്രക്കർ ഒരു വിക്കറ്റും നേടി. 

ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് ബൗളർമാർ പിടിമുറുക്കിയാണ് മത്സരം തുടങ്ങിയത്. ഡല്‍ഹി ഓപ്പണർ ഷെഫാലി വർമ്മ പുറത്താകുമ്പോള്‍ ടീം സ്കോർ എട്ട് മാത്രം. 6.4 ഓവറില്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. 6 പന്തില്‍ 2 റണ്‍സ് നേടിയ ഷെഫാലിയെ സൈക ഇഷാക്ക് ബൗള്‍ഡാക്കിയപ്പോള്‍ അലീസ് കാപ്‍സിയെ(7 പന്തില്‍ 6) പൂജ വസ്‍ത്രക്കറും, മരിസാന്‍ കാപ്പിനെ(4 പന്തില്‍ 2) ഇസ് വോങും പുറത്താക്കി. ഇതിന് ശേഷം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും ജെമീമ റോഡ്രിഗസും. 13-ാം ഓവറില്‍ ജെമീമയുടെ(18 പന്തില്‍ 25) കുറ്റി പിഴുത് സൈക ബ്രേക്ക്ത്രൂ നല്‍കി. ഇരുവരും 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇതേ ഓവറില്‍ മെഗ് ലാന്നിംഗ്(41 പന്തില്‍ 43) ഹർമന്‍റെ ക്യാച്ചില്‍ പുറത്തായി.

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഹെയ്‍ലി മാത്യൂസ്, ജെസ്സ് ജൊനാസ്സനെ(3 പന്തില്‍ 2) പുറത്താക്കി. ഇതോടെ അരങ്ങേറ്റ താരം മിന്നു മണി ക്രീസിലെത്തി. എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ ക്രീസ് വിട്ടിറങ്ങിയ മിന്നുവിനെ യാസ്‍തിക ഭാട്ടിയ സ്റ്റംപ് ചെയ്തു. വൈകാതെ താനിയ ഭാട്ടിയയെ(9 പന്തില്‍ 4) വോങ് പുറത്താക്കി. 9 പന്തില്‍ 10 റണ്ണുമായി രാധാ യാദവും വോങ്ങിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ അവസാനക്കാരിയായി ടാരാ നോറിസ്(0) പുറത്തായി. നാല് റണ്ണുമായി ശിഖ പാണ്ഡെ പുറത്താവാതെ നിന്നു. 

മിന്നു മണിക്ക് അരങ്ങേറ്റം

മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്ക് എതിരായ മത്സരത്തില്‍ അവസരം ലഭിച്ചതോടെ കേരള ടീമില്‍ നിന്ന് വനിതാ പ്രീമിയർ ലീഗ് കളിക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി മിന്നു മണി. താരലേലത്തില്‍ ഏതെങ്കിലും ഒരു ടീം സ്വന്തമാക്കിയ ഏക കേരള ക്രിക്കറ്റര്‍ മിന്നു മണിയായിരുന്നു. 30 ലക്ഷത്തിനാണ് ഡൽഹി ക്യാപിറ്റൽസ് മിന്നുവിനെ ടീമിലെത്തിച്ചത്. ഇന്ത്യൻ എ ടീമിനായി കളിച്ചിട്ടുള്ള താരമാണ്. ഇടംകൈയ്യൻ ബാറ്ററും സ്‍പിന്നറുമായ മിന്നുവിന് സീസണില്‍ ഡല്‍ഹിയുടെ ആദ്യ മത്സരങ്ങളില്‍ അവസരം ലഭിച്ചിരുന്നില്ല. 

മുംബൈ ഇന്ത്യന്‍സ് ഇലവന്‍: ഹെയ്‍ലി മാത്യൂസ്, യാസ്‍തിക ഭാട്ടിയ(വിക്കറ്റ് കീപ്പർ), നാറ്റ് സൈവർ ബ്രണ്ട്, ഹർമന്‍പ്രീത് കൗ‍ർ(ക്യാപ്റ്റന്‍), അമേലി കേർ, പൂജ വസ്ത്രക്കർ, അമന്‍ജോത് കൗ‍ർ, ഹുമൈറാ കാസി, ജിന്തിമണി കലിത, സൈക ഇഷാഖ്. 

ഡല്‍ഹി ക്യാപിറ്റല്‍സ് ഇലവന്‍: മെഗ് ലാന്നിംഗ്(ക്യാപ്റ്റന്‍), ഷെഫാലി വർമ്മ, മരിസാന്‍ കാപ്പ്, ജെമീമ റോഡ്രിഗസ്, അലീസ് കാപ്‍സി, ജെസ്സ് ജൊനാസ്സന്‍, താനിയ ഭാട്ടിയ(വിക്കറ്റ് കീപ്പർ), മിന്നു മണി, ശിഖ പാണ്ഡെ, രാധാ യാഥവ്, ടാരാ നോറിസ്. 

ലക്ഷ്യം മൂന്നാം ജയം 

വനിത പ്രീമിയര്‍ ലീഗിൽ മൂന്നാം ജയം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇറങ്ങിയിരിക്കുന്നത്. ഇരു ടീമുകളും ആദ്യ രണ്ട് കളികളും ജയിച്ചിരുന്നു. മുംബൈ, ഗുജറാത്ത് ജയന്റ്സിനേയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനേയും തോൽപ്പിച്ചപ്പോൾ യുപി വാരിയേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവര്‍ക്കെതിരെയായിരുന്നു ഡൽഹിയുടെ ജയം.

കേരള ക്രിക്കറ്റിന് അഭിമാന നിമിഷം; മിന്നു മണി വനിതാ പ്രീമിയർ ലീഗില്‍ അരങ്ങേറി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍