ബാറ്റെടുത്തവരെല്ലാം അടിയോടടി; മുംബൈയെ 9 വിക്കറ്റിന് വീഴ്‌ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്, ജയം ഒന്‍പത് ഓവറില്‍

By Web TeamFirst Published Mar 20, 2023, 10:07 PM IST
Highlights

മറുപടി ബാറ്റിംഗില്‍ വെടിക്കെട്ട് തുടക്കം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടെ വിക്കറ്റ് മാത്രമാണ് നഷ്‌ടമായത്

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ 9 വിക്കറ്റിന് തോല്‍പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈയുടെ 109 റണ്‍സ് ഡല്‍ഹി 9 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി മറികടക്കുകയായിരുന്നു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്- 109/8 (20), ഡല്‍ഹി ക്യാപിറ്റല്‍സ്- 110/1 (9)

മറുപടി ബാറ്റിംഗില്‍ വെടിക്കെട്ട് തുടക്കം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടെ വിക്കറ്റ് മാത്രമാണ് നഷ്‌ടമായത്. 15 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും സഹിതം 33 റണ്‍സെടുത്ത ഷെഫാലിയെ ഹെയ്‌ലി മാത്യൂസ്, യാസ്തിക ഭാട്ടിയയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഷെഫാലി വര്‍മ്മ-മെഗ് ലാന്നിംഗ് സഖ്യം 4.3 ഓവറില്‍ 56 റണ്‍സ് ചേര്‍ത്തു. ഇതിന് ശേഷം ക്യാപ്റ്റനും മറ്റൊരു ഓപ്പണറുമായ മെഗ് ലാന്നിംഗും(22 പന്തില്‍ 32*), അലീസ് കാപ്‌സിയും(17 പന്തില്‍ 38*) ഡല്‍ഹിക്ക് വെറും 9 ഓവറില്‍ ജയമൊരുക്കി. ലാന്നിംഗ് നാല് ഫോറും ഒരു സിക്‌സും കാപ്‌സി ഒരു ഫോറും അഞ്ച് സിക്‌സും പറത്തി. ഒരു ഓവറില്‍ 2 റണ്‍സ് വഴങ്ങിയ അമേലിയ കേര്‍ ഒഴികെ എല്ലാവരും പത്തിലധികം ഇക്കോണമിയിലാണ് പന്തെറിഞ്ഞത്. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 8 വിക്കറ്റിന് 109 റണ്‍സേ നേടിയുള്ളൂ. 26 റണ്‍സെടുത്ത പൂജ വസ്‌ത്രക്കറാണ് ടോപ് സ്കോറര്‍. മരിസാന്‍ കാപ്പും ശിഖ പാണ്ഡെയും ജെസ്സ് ജൊനാസ്സനും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. അരുന്ധതി റെഡി ഒരാളെ പറഞ്ഞയച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഇസി വോങും 23 റണ്‍സ് വീതം നേടിയപ്പോള്‍ വാലറ്റത്ത് അമന്‍ജോത് കൗറിന്‍റെ 19 നിര്‍ണായകമായി. നാല് വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ 21 റണ്‍സ് മാത്രമാണ് മുംബൈക്കുണ്ടായിരുന്നത്. ഇതിന് ശേഷം കഷ്‌ടപ്പെട്ടാണ് മുംബൈ 100 കടന്നത്. 

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് ഫൈനല്‍: കാലിസിന് ഫിഫ്റ്റി, ഏഷ്യാ ലയണ്‍സിന് 148 റണ്‍സ് വിജയലക്ഷ്യം 

click me!