
മുംബൈ: വനിതാ പ്രീമിയർ ലീഗില്‍ ഗുജറാത്ത് ജയന്‍റ്സ് വച്ച 202 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പൊരുതി വീണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആർസിബിക്ക് 20 ഓവറില്‍ ആറ് വിക്കറ്റിന് 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സോഫീ ഡിവൈന്‍റെ അർധസെഞ്ചുറിയും(45 പന്തില്‍ 66) അവസാന ഓവറുകളിലെ ഹീത്തർ നൈറ്റ് വെടിക്കെട്ടും(11 പന്തില്‍ 30*) ടീമിനെ ജയത്തിലേക്ക് എത്തിച്ചില്ല. ഇതോടെ ഗുജറാത്ത് ടീം 11 റണ്‍സിന്‍റെ ജയം സ്വന്തമാക്കി.
ഡിവൈന് ഫിഫ്റ്റി
മറുപടി ബാറ്റിംഗില്‍ സ്‍മൃതി മന്ദാന-സോഫീ ഡിവൈന്‍ സഖ്യം മികച്ച തുടക്കം നല്‍കിയെങ്കിലും ഈ കൂട്ടുകെട്ട് ആറാം ഓവറില്‍ ഗാർഡ്നർ പിരിച്ചു. 14 പന്തില്‍ 18 റണ്‍സുമായി മന്ദാന മടങ്ങുമ്പോള്‍ ടീം സ്കോർ 54. ഇതോടെ സ്കോറിംഗ് വേഗം കുറഞ്ഞു. ടീമിനെ 100 കടത്തും മുമ്പ് എല്ലിസ് പെറി 25 പന്തില്‍ 32 റണ്‍സുമായി മന്‍സി ജോഷിയുടെ പന്തില്‍ പുറത്തായി. ഒരറ്റത്ത് നിലയുറപ്പിച്ച സോഫീ ഡിവൈന്‍ 36 പന്തില്‍ ഫിഫ്റ്റി തികച്ചു. റിച്ച ഘോഷ് 10 പന്തില്‍ പത്തുമായി ഗാർഡ്നറുടെ പന്തില്‍ വീണു. 45 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 66 റണ്‍സെടുത്ത ഡിവൈനെ സത്തർലന്‍ഡ് മടക്കിയതോടെ ആർസിബി പ്രതിരോധത്തിലായി.
ഹീത്തർ ഹിറ്റിംഗ്
എന്നാല്‍ സത്തർലന്‍ഡിന്‍റെ 17-ാം ഓവറില്‍ 23 റണ്ണടിച്ച് ഹീത്തർ നൈറ്റ് പ്രതീക്ഷ നല്‍കിയതോടെ അവസാന മൂന്ന് ഓവറില്‍ ആർസിബിക്ക് ജയിക്കാന്‍ 44 റണ്‍സ്. 7 പന്തില്‍10 റണ്ണുമായി കനിക അഹൂജ മടങ്ങിയെങ്കിലും ഒരറ്റത്ത് ഹീത്തർ തളരാതെ നില്‍ക്കുമ്പോള്‍ അവസാന ഓവറില്‍ 24 വേണമായിരുന്നു ആർസിബിക്ക് ജയിക്കാന്‍. ഇതിലേക്ക് ടീമിന് എത്താനായില്ല.
സോഫ്റ്റാവാതെ സോഫിയ
നേരത്തെ സോഫിയ ഡങ്ക്‌ലി, ഹർലീന്‍ ഡിയോള്‍ എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറി കരുത്തില്‍ ഗുജറാത്ത് ജയന്‍റ്സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് സ്കോർ ബോർഡില്‍ ചേർത്തു. ഡങ്ക്‌ലി 28 പന്തില്‍ 65 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹർലീന്‍ 45 പന്തില്‍ 67 അടിച്ചുകൂട്ടി. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ മേഘ്നയെ(11 പന്തില്‍ 8) റിച്ച ഘോഷ് വിക്കറ്റിന് പിന്നില്‍ പിടികൂടി. തൊട്ടടുത്ത ഓവറില്‍ രേണുക സിംഗിനെ സിക്സിനും രണ്ട് ഫോറിനും പറത്തി ഡങ്ക്‌ലി ഗിയർ മാറ്റി. പ്രീതി ബോസ് എറിഞ്ഞ അഞ്ചാം ഓവറില്‍ 23 റണ്‍സ് അടിച്ചുകൂട്ടിയ ഡങ്ക്‌ലി 18 പന്തില്‍ 50 പൂർത്തിയാക്കി ലീഗിലെ വേഗമേറിയ ഫിഫ്റ്റിയുടെ റെക്കോർഡിട്ടു.
ഹർലീന്‍ ഹോളി
ഇന്നിംഗ്സിലെ 8-ാം ഓവറിലെ അവസാന പന്തില്‍ ശ്രേയങ്ക പട്ടേലാണ് ഡങ്ക്‌ലിയെ പുറത്താക്കിയത്. ഇതിനകം ഡങ്ക്‌ലി 28 പന്തില്‍ 11 ഫോറും 3 സിക്സും സഹിതം 65 റണ്‍സെടുത്തിരുന്നു. ആഷ്‍ലി ഗാർഡ്‍നർ 15 പന്തില്‍ 19 ഉം ദയാലന്‍ ഹേമലത 7 പന്തില്‍ 16 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ അതിഗംഭീര ഫോമിലായിരുന്നു ഹർലീന്‍ ഡിയോള്‍. 36 പന്തില്‍ ഫിഫ്റ്റി കണ്ടെത്തിയ താരം പിന്നാലെയും അടിതുടർന്നതോടെ ഗുജറാത്ത് 200 കടന്നു. ഹർലീന്‍ 9 ഫോറും ഒരു സിക്സും നേടി. അന്നാബേല്‍ സത്തർലന്‍ഡ് 8 പന്തില്‍ 14 ഉം ക്യാപ്റ്റന്‍ സ്നേഹ് റാണ 3 പന്തില്‍ 2 ഉം റണ്ണെടുത്ത് പുറത്തായതൊന്നും ടീമിനെ ബാധിച്ചില്ല. മൂന്ന് റണ്ണുമായി കിം ഗാർത്തും അഞ്ച് റണ്‍സെടുത്ത് സുഷ്മ വർമയും പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!