
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്‌ക്ക് പിന്നാലെ ഗ്രേസ് ഹാരിസ്-ദീപ്‌തി ശര്‍മ്മ കൂട്ടുകെട്ടില്‍ കരകയറിയ ശേഷം 135ല്‍ ഒതുങ്ങി യുപി വാരിയേഴ്‌സ്. ടോസ് നഷ്‌ടമായി ബാറ്റിംഗിനിറങ്ങിയ ശേഷം അഞ്ച് റണ്‍സിന് മൂന്നും 31 റണ്‍സിന് അഞ്ചും വിക്കറ്റ് നഷ്‌ടമായ യുപി 19.3 ഓവറില്‍ ഈ സ്കോറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 32 പന്തില്‍ 46 റണ്‍സെടുത്ത ഗ്രേസ് ഹാരിസാണ് യുപിയുടെ ടോപ് സ്കോറര്‍. ആര്‍സിബിക്കായി എലിസ് പെറി നാല് ഓവറില്‍ 16 റണ്‍സിന് നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.
മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആത്മവിശ്വാസം വീണ്ടെടുത്ത ആര്‍സിബിയെയാണ് മത്സരത്തിന്‍റെ തുടക്കത്തിലെ കണ്ടത്. സോഫീ ഡിവൈന്‍റെ ആദ്യ ഓവറില്‍ തന്നെ യുപി വാരിയേഴ്‌സിന്‍റെ ഓപ്പണര്‍മാര്‍ മടങ്ങി. മൂന്നാം പന്തില്‍ ദേവിക വൈദ്യ(1 പന്തില്‍ 0) എല്‍ബിയില്‍ കുടുങ്ങിയതാണ് ആദ്യ വിക്കറ്റ്. ഇതേ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ അലീസ ഹീലി(3 പന്തില്‍ 1) ആശ ശോഭനയുടെ ക്യാച്ചിലും പുറത്തായി. മെഗാന്‍ ഷൂട്ട് എറിഞ്ഞ രണ്ടാമത്തെ ഓവറിലെ അവസാന പന്തില്‍ തഹ്‌ലിയ മഗ്രാത്ത്(2 പന്തില്‍ 2) വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്‍റെ ക്യാച്ചില്‍ മടങ്ങി. മൂന്ന് വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ യുപിക്ക് വെറും അഞ്ച് റണ്‍സേ ഉണ്ടായിരുന്നുള്ളൂ. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 29-3 എന്ന നിലയില്‍ പ്രതിരോധത്തിലായി യുപി വാരിയേഴ്‌സ്.
പവര്‍പ്ലേയ്ക്ക് ശേഷമുള്ള രണ്ടാം പന്തില്‍ കിരണ്‍ നവ്‌ഗീറിനെയും(26 പന്തില്‍ 22) ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറിലെ ഒന്നാം പന്തില്‍ സിമ്രാന്‍ ഷെയ്‌ഖിനേയും(9 പന്തില്‍ 2) ആശ ശോഭന ഡ്രസിംഗ് റൂമിലേക്ക് മടക്കി. അഞ്ച് വിക്കറ്റ് നഷ്ടമാകുമ്പോള്‍ ടീം സ്കോര്‍ 31. ടീമിലേക്ക് തിരിച്ചെത്തിയ ഗ്രേസ് ഹാരിസ് ഇതിന് ശേഷം ദീപ്തി ശര്‍മ്മയെ കൂട്ടുപിടിച്ച് നടത്തിയ വെടിക്കെട്ടാണ് യുപിയെ 15-ാം ഓവറില്‍ 100 കടത്തിയത്. 16-ാം ഓവറില്‍ എലിസ് പെറിയുടെ പന്തുകള്‍ യുപിയുടെ രണ്ട് സെറ്റ് ബാറ്റര്‍മാരെയും മടക്കി. ടീം സ്കോര്‍ നൂറില്‍ നില്‍ക്കേ ദീപ്‌തിയെ(19 പന്തില്‍ 22) ആദ്യം പെറി പുറത്താക്കി. ഇതേ ഓവറിലെ മൂന്നാം പന്തില്‍ പെറിയുടെ ബൗണ്‍സറില്‍ ബാറ്റ് വെച്ച ഗ്രേസ് ഹാരിസ്(32 പന്തില്‍ 46) റിച്ചയുടെ കൈകളിലെത്തി.
ആദ്യ പന്തില്‍ ബൗണ്ടറി നേടിയതിന് പിന്നാലെ പെറിയെ സ്‌കൂപ്പ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച ശ്വേത സെഹ്‌രാവത്ത് 18-ാം ഓവറിലെ രണ്ടാം ബോളില്‍ ബൗള്‍ഡായി. ആറ് പന്തില്‍ ആറാണ് താരം നേടിയത്. ഇതോടെ പെറി മൂന്ന് വിക്കറ്റ് തികച്ചു. അവസാന ഓവറില്‍ അഞ്ജലി സര്‍വാനി(9 പന്തില്‍ 8) ശ്രേയങ്കാ പാട്ടീലിന്‍റെ രണ്ടാം പന്തില്‍ പുറത്തായി. തൊട്ടടുത്ത ബോളില്‍ സോഫീ എക്കിള്‍സ്റ്റണ്‍(9 പന്തില്‍ 12) റണ്ണൗട്ടായപ്പോള്‍ രാജേശ്വരി ഗെയ്‌ക്‌വാദ്(2*) പുറത്താകാതെ നിന്നു. പെറിയുടെ മൂന്നിന് പുറമെ സോഫീ ഡിവൈനും ആശ ശോഭനയും രണ്ട് വീതവും മെഗാന്‍ ഷൂട്ടും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റും നേടി.
രണ്ടോവറിനിടെ യുപിയുടെ മൂന്ന് വിക്കറ്റ്; ആഞ്ഞെറിഞ്ഞ് ആര്‍സിബി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!