ബിസിസിഐക്ക് കനത്ത തിരിച്ചടി; ഡെക്കാന്‍ ചാര്‍ജേഴ്സിന് 4800 കോടി രൂപ നല്‍കാന്‍ ഉത്തരവ്

By Web TeamFirst Published Jul 17, 2020, 8:41 PM IST
Highlights

ഐപിഎല്ലിലെ രണ്ടാം സീസണിലെ ജേതാക്കളായ ഡെക്കാന്‍ ചാര്‍ജേഴ്സിനെ ടീമിന്റെ പ്രമോട്ടറുടെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നാണ് ബിസിസിഐ സസ്പെന്‍ഡ് ചെയ്തത്. ഡെക്കാന്‍ ചാര്‍ജേഴ്സിന് പകരം സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതതയിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ എത്തുകയും ചെയ്തു.

മുംബൈ: കൊവിഡ് 19നെ തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങളും ഐപിഎല്ലും അനിശ്ചിതത്വത്താലായിരിക്കെ ബിസിസിഐക്ക് കനത്ത തിരിച്ചടിയായി ആര്‍ബിട്രേറ്ററുടെ ഉത്തരവ്. ഐപിഎല്‍ ടീമായിരുന്ന ഡെക്കാന്‍ ചാര്‍ജേഴ്സിനെ 2012ല്‍ ടൂര്‍ണമെന്റില്‍ നിന്ന് അകാരണമായി സസ്പെന്‍ഡ് ചെയ്തതിന് 4800 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ബോംബെ ഹൈക്കോടതി നിയോഗിച്ച ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് സി കെ തക്കര്‍ ഉത്തരവിട്ടു. ഈ വര്‍ഷം സെപ്റ്റംബറിനുള്ളില്‍ നഷ്ടപരിഹാരത്തുക നല്‍കാനാണ് ആര്‍ബിട്രേറ്ററുടെ ഉത്തരവ്.

ഐപിഎല്ലിലെ രണ്ടാം സീസണിലെ ജേതാക്കളായ ഡെക്കാന്‍ ചാര്‍ജേഴ്സിനെ ടീമിന്റെ പ്രമോട്ടറുടെ സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്നാണ് ബിസിസിഐ സസ്പെന്‍ഡ് ചെയ്തത്. ഡെക്കാന്‍ ചാര്‍ജേഴ്സിന് പകരം സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതതയിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലില്‍ എത്തുകയും ചെയ്തു. മുമ്പ് സമാനായ കേസില്‍ കൊച്ചി ടസ്കേഴ്സിനും നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടിരുന്നു.


2012ല്‍  ഡെക്കാന്‍ ചാര്‍ജേഴ്സിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ ടീമിന്റെ പ്രമോട്ടര്‍മാരായ ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി ആര്‍ബിട്രേറ്ററെ നിയമിച്ചത്.

ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബിസിസിഐ സംശയമുന്നയിച്ചതിനെത്തുടര്‍ന്ന് 100 കോടി രൂപ ഗ്യാരന്റി തുകയായി 10 ദിവസത്തിനുള്ളില്‍ കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കളിക്കാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള സാമ്പത്തിക സ്ഥിതിപോലും ഡെക്കാന്‍ ചാര്‍ജേഴ്സിനില്ലെന്നും ടീമിന്റെ പ്രമോട്ടര്‍മാര്‍ക്ക് ബാങ്കുകളില്‍ നാലായിരം കോടി രൂപയോളം ബാധ്യതയുണ്ടെന്നും ബിസിസിഐ വാദിച്ചിരുന്നു.

click me!