ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഹര്‍ദിക്കിന്‍റെ അഭാവം ഇന്ത്യക്കുണ്ടെന്ന് മുന്‍താരം

By Web TeamFirst Published May 31, 2021, 2:07 PM IST
Highlights

മാച്ച് വിന്നര്‍മാരുടെ ഒരു നിര തന്നെയുണ്ടെങ്കിലും ഈ ഓള്‍റൗണ്ടറുടെ അസാന്നിധ്യം ടീമില്‍ നിഴലിക്കും എന്ന് പറയുകയാണ് മുന്‍ താരവും സെലക്‌ടറുമായിരുന്ന വെങ്കടാപതി രാജു.

മുംബൈ: ന്യൂസിലന്‍ഡിന് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശക്തമായ സ്‌ക്വാഡാണ് ടീം ഇന്ത്യ അയക്കുന്നത്. വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര തുടങ്ങി മാച്ച് വിന്നര്‍മാരുടെ ഒരു നിര തന്നെയുണ്ട്. എന്നാല്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അസാന്നിധ്യം ടീമില്‍ നിഴലിക്കും എന്ന് പറയുകയാണ് മുന്‍ താരവും സെലക്‌ടറുമായിരുന്ന വെങ്കടാപതി രാജു.

'ന്യൂസിലന്‍ഡിന് മികച്ച ഓള്‍റൗണ്ടര്‍മാരുണ്ട്. അവരുടെ ബാറ്റിംഗ് ശക്തമാണ്. റെഡ് ബോളില്‍ കെയ്‌ല്‍ ജാമീസണ്‍ മികച്ച ഫോമിലാണ്. ഇന്ത്യക്കും വെസ്റ്റ് ഇന്‍ഡീസിനും പാകിസ്ഥാനും എതിരെ വിക്കറ്റുകള്‍ നേടി. ഉയരക്കാരന്‍ എന്ന നിലയ്‌ക്കുള്ള അധിക ബൗണ്‍സ് ഓള്‍റൗണ്ടര്‍ എന്ന നിലയ്‌ക്ക് ഊര്‍ജം കൂട്ടുന്നു. ഇന്ത്യക്ക് സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരാണുള്ളതെങ്കില്‍ മികച്ച ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരാണ് ന്യൂസിലന്‍ഡിനുള്ളത്. ഇവിടെയാണ് വിദേശ പിച്ചുകളില്‍ ഹര്‍ദിക് പാണ്ഡ്യ ടീമിനെ സന്തുലിതമാക്കുന്നത്. അതിനാല്‍ പാണ്ഡ്യയുടെ അഭാവം ടീമില്‍ നിഴലിക്കും. 

സഹായകരമായ സാഹചര്യങ്ങളില്‍ ഇന്ത്യക്ക് മികച്ച പേസ് ബൗളിംഗ് യൂണിറ്റ് ലഭിച്ചു. പരിചയസമ്പന്നനായ ഇശാന്ത് ശര്‍മ്മയ്‌ക്ക് 302 ഉം മുഹമ്മദ് ഷമിക്ക് 180 ഉം ജസ്‌പ്രീത് ബുമ്രക്ക് 83 ഉം വിക്കറ്റുകളുണ്ട്. പിച്ച് വരണ്ടതാണെങ്കില്‍ അശ്വിനും ജഡേജയുമുള്ള ഓള്‍റൗണ്ട് വിഭാഗവും ശക്തം. പരിക്കിന് ശേഷം ഐപിഎല്ലില്‍ തിരിച്ചുവരവ് കാട്ടിയാണ് ജഡേജ വരുന്നത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഉമേഷ് യാദവും മുഹമ്മദ് സിറാജും ബഞ്ചിലിരിക്കുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ ബൗളിംഗ് നിരയാണിത്' എന്നും രാജു സ്‌പോര്‍ട്‌സ്‌കീഡയോട് പറഞ്ഞു. 

സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് ടെസ്റ്റ് ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍. ന്യൂസിലന്‍ഡിന് എതിരായ ഫൈനലിനും അതിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കുമായി 20 അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചത്. വിരാട് കോലി നയിക്കുന്ന ടീമില്‍ 20 താരങ്ങളും അഞ്ച് സ്റ്റാന്‍ഡ്‌ബൈ താരങ്ങളുമുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

 

ഇംഗ്ലണ്ടില്‍ ഒരു ബാറ്റ്സ്‌മാന്‍ വലിയ സമ്മര്‍ദം നേരിടും, ഫൈനല്‍ സമനിലയായിട്ട് കാര്യമില്ല: മുന്‍താരം

റെക്കോര്‍ഡുകള്‍ തൂത്തുവാരിയിട്ടും സച്ചിന് രണ്ട് സങ്കടം ബാക്കി

ഗൂഗിളിൽ അവസാനം തിരഞ്ഞത് എന്ത് ?, ആരാധകന്റെ ചോദ്യത്തിന് കോലിയുടെ മറുപടി

click me!