കോലിപ്പട എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീം; വമ്പന്‍ പ്രശംസയുമായി ഗാവസ്‌കര്‍

By Web TeamFirst Published Jun 5, 2021, 8:21 PM IST
Highlights

വിരാട് കോലി നയിക്കുന്ന സംഘം എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീം ആണെന്നാണ് ഗാവസ്‌കറുടെ വാക്കുകള്‍. 

മുംബൈ: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനിരിക്കേ ഇന്ത്യന്‍ ടീമിന് പ്രശംസയുമായി ഇതിഹാസ താരവും മുന്‍ നായകനുമായ സുനില്‍ ഗാവസ്‌കര്‍. വിരാട് കോലി നയിക്കുന്ന സംഘം എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീം ആണെന്നാണ് ഗാവസ്‌കറുടെ വാക്കുകള്‍. 

'താരതമ്യങ്ങള്‍ എപ്പോഴും പ്രയാസമാണ്. എന്നാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടീം ഇതാണെന്ന് തോന്നുന്നു. വളരെ സന്തുലിതമായ ടീമാണ്. ഒരു ചാമ്പ്യന്‍ ബാറ്റ്സ്‌മാനുണ്ട്, ചാമ്പ്യന്‍ പേസര്‍മാരെ കിട്ടി, ഗംഭീര സ്‌പിന്നര്‍മാരുണ്ട്, വളരെ മികച്ച വിക്കറ്റ് കീപ്പറുണ്ട്. യുവ വിക്കറ്റ് കീപ്പര്‍ ലോക ക്രിക്കറ്റില്‍ ദീര്‍ഘകാലത്തേക്ക് മേധാവിത്വം പുലര്‍ത്താന്‍ പോവുകയാണ്' എന്നും റിഷഭ് പന്തിനെ സൂചിപ്പിച്ച് ഗാവസ്‌കര്‍ പറഞ്ഞു. 

'1960 മുതല്‍ ഞാന്‍ കാണുന്നതനുസരിച്ച് ഇതാണ് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീം. വളരെ സന്തുലിതമായ ടീമാണ് ഇതെന്ന ലളിത ഉദാഹരണം മതി അതിന്. നിലവിലെ ഇന്ത്യന്‍ ടീമിന് ബലഹീനതകളൊന്നുമില്ല' എന്നും ഇതിഹാസ താരം കൂട്ടിച്ചേര്‍ത്തു. 

തുടര്‍ച്ചയായ അഞ്ചാം തവണയും ലോക ടെസ്റ്റ് റാങ്കില്‍ ഇന്ത്യന്‍ ടീം ഒന്നാം റാങ്കുകാരായി സീസണ്‍ അവസാനിപ്പിച്ചിരുന്നു. ബാലികേറാമലയെന്ന് കരുതപ്പെടുന്ന ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് പരമ്പരകളും ഇതിനിടെ സ്വന്തമാക്കി. 

സതാംപ്‌ടണില്‍ 18-ാം തിയതിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടം ആരംഭിക്കുന്നത്. യുകെയിലെത്തിയ ഇന്ത്യന്‍ ടീം സതാംപ്‌ടണിലെ ഹോട്ടലില്‍ ക്വാറന്‍റീനിലാണ്. ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ന്യൂസിലന്‍ഡ് നേരത്തെ തന്നെ എത്തിയിരുന്നു. ആദ്യ ടെസ്റ്റ് വിഖ്യാത ലോര്‍ഡ്‌സ് മൈതാനത്ത് പുരോഗമിക്കുകയാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: അന്തിമ ഇലവനില്‍ പേസര്‍മാരായി ആരൊക്കെ വേണം, നിര്‍ദേശവുമായി അഗാര്‍ക്കര്‍

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ ഫേവറേറ്റുകളെന്ന് വിവിഎസ് ലക്ഷ്‌മണ്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!