
സിഡ്‌നി: ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമിന്‍റെ പദ്ധതികളില്‍ നിന്ന് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായി എന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റതും ഫോമില്ലായ്മയുമാണ് ഇതിന് കാരണമായി ഏവരും ചൂണ്ടിക്കാണിച്ചിരുന്നത്. വാര്‍ണര്‍ക്ക് പകരം ഓപ്പണറുടെ റോളിലെത്തിയ ട്രാവിസ് ഹെഡ് ഇന്ത്യയില്‍ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരായ സ്‌ക്വാഡില്‍ വാർണറുണ്ടാകും എന്ന സൂചനയാണ് ഓസീസ് പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് നല്‍കുന്നത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ഇന്നിംഗ്സുകളില്‍ 8.66 ശരാശരിയില്‍ 26 റണ്‍സ് മാത്രമാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. ദില്ലി ടെസ്റ്റിനിടെ പരിക്കേറ്റ താരം പിന്നീട് കളിച്ചില്ല. ഇതോടെയാണ് വാര്‍ണറുടെ ടെസ്റ്റ് ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉടലെടുത്തത്. എങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഓസീസ് പ്ലാനുകളില്‍ വാര്‍ണര്‍ ഇപ്പോഴുമുണ്ട്. 'നിലവില്‍ വാര്‍ണര്‍ ഫൈനലിനുള്ള നമ്മുടെ പദ്ധതികളിലുണ്ട്. പരിക്കില്‍ നിന്ന് മുക്തനായ താരം ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് തിരിച്ചെത്തും. അഹമ്മദാബാദിലെ അവസാന ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഉസ്‌മാന്‍ ഖവാജയുടെ പരിക്ക് സാരമല്ലെന്നും' മക്‌ഡൊണാള്‍ഡ് വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഐപിഎല്‍ മത്സരങ്ങളും ഡേവിഡ് വാര്‍ണര്‍ക്കുണ്ട്.
ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. ഓസീസ് 66.67 പോയിന്‍റ് ശരാശരിയും ഇന്ത്യ 58.80 പോയിന്‍റ് ശരാശരിയുമായാണ് ഫൈനലിന് യോഗ്യത നേടിയത്. കലാശപ്പോരിന് യോഗ്യത നേടാന്‍ അവസാന നിമിഷം വരെ ശ്രീലങ്ക ഇന്ത്യക്ക് കനത്ത ഭീഷണിയുയര്‍ത്തിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് ഇറങ്ങുന്നത്. കഴിഞ്ഞ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് കിരീടം ചൂടിയിരുന്നു.
ഒടുവില്‍ രവീന്ദ്ര ജഡേജയുടെ പ്രതിഭയെ വാഴ്ത്തി സഞ്ജയ് മഞ്ജരേക്കര്‍