ടെസ്റ്റ് ഫൈനലില്‍ ഇന്ത്യന്‍ ടീമിന് ഏറ്റവും വലിയ ഭീഷണി അതാണ്; കനത്ത മുന്നറിയിപ്പുമായി ഗാവസ്‌കര്‍

By Web TeamFirst Published May 31, 2023, 6:42 PM IST
Highlights

ഐപിഎൽ പൂരത്തിന്‍റെ ചൂടും ചൂരും കെട്ടടങ്ങും മുൻപാണ് ടീം ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓവലില്‍ ഇറങ്ങുന്നത്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. തുട‍ർച്ചയായി ട്വന്‍റി 20 മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങൾക്ക് ടെസ്റ്റ് ഫോർമാറ്റിനോട് പൊരുത്തപ്പെടുക എളുപ്പമായിരിക്കില്ലെന്ന് ഗാവസ്‌കർ പറഞ്ഞു. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതിയാണ് ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. 

ഐപിഎൽ പൂരത്തിന്‍റെ ചൂടും ചൂരും കെട്ടടങ്ങും മുൻപാണ് ടീം ഇന്ത്യ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓവലില്‍ ഇറങ്ങുന്നത്. ഇംഗ്ലണ്ടിലെ ഓവലിൽ ജൂൺ ഏഴിന് തുടങ്ങുന്ന കിരീടപോരാട്ടത്തിലെ എതിരാളികൾ ശക്തരായ ഓസ്ട്രേലിയയാണ്. പതിനഞ്ചംഗ ഇന്ത്യൻ ടീമിൽ ബാറ്റര്‍ ചേതേശ്വർ പൂജാരയും പേസര്‍ ജയ്ദേവ് ഉന‌ദ്‌കട്ടും ഒഴികെയുള്ളവരെല്ലാം ഐപിഎല്ലിൽ നിന്നാണ് ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്. അതിനാല്‍ ട്വന്‍റിയുടെ ആവേശത്തിൽ നിന്ന് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ക്ഷമയിലേക്ക് മാറുക ഇന്ത്യൻ താരങ്ങൾക്ക് വെല്ലുവിളിയാവുമെന്ന് മുൻ നായകൻ സുനിൽ ഗാവസ്‌കർ പറഞ്ഞു. 

'ടെസ്റ്റ് ക്രിക്കറ്റിന് ഇറങ്ങുമ്പോൾ മാനസികാവസ്ഥയിലും സാങ്കേതികതയിലും സമീപനത്തിലുമെല്ലാം വളരേയെറെ മാറ്റങ്ങൾ ആവശ്യമുണ്ട്. ഓവലിൽ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ഈ മാറ്റങ്ങൾ അതിവേഗം നടപ്പാക്കണം. ട്വന്‍റി 20യിൽ നിന്ന് ടെസ്റ്റിലേക്കുള്ള മാറ്റം എളുപ്പമല്ല. ഇതായിരിക്കും ഫൈനലിൽ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. കൗണ്ടി ക്രിക്കറ്റിൽ കളിക്കുന്ന ചേതേശ്വർ പൂജാര ഒഴികെ എല്ലാവരും ഈ വെല്ലുവിളി നേരിടേണ്ടിവരുമെന്നും ഗാവസ്‌കര്‍ മുന്നറിയിപ്പ് നല്‍കി. പരിചയസമ്പന്നനായ അജിങ്ക്യ രഹാനെ അഞ്ചാം നമ്പറിൽ ടീമിൽ തിരിച്ചെത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും' ഗാവസ്‌കർ പറഞ്ഞു. ഐപിഎല്ലിൽ ചെന്നൈയുടെ അഞ്ചാം കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് രഹാനെ.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ ടീമിന്‍റെ പരിശീലം തുടങ്ങി. ഐപിഎല്ലിൽ കളിച്ചിരുന്ന താരങ്ങൾ വിവിധ സംഘങ്ങളായാണ് ഇംഗ്ലണ്ടിലെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശർമ്മ കഴിഞ്ഞദിവസം ടീമിനൊപ്പം ചേ‍ർന്നു. ഐപിഎൽ ഫൈനലിൽ കളിച്ച ശുഭ്‌മാൻ ഗിൽ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ, കെ എസ് ഭരത് എന്നീ താരങ്ങളും സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. ഐപിഎല്‍ സമയത്ത് കൗണ്ടി ക്രിക്കറ്റിൽ കളിക്കുകയായിരുന്ന ചേതേശ്വർ പൂജാരയും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

Read more: ഐപിഎല്‍ ഫൈനല്‍ താരങ്ങളും ലണ്ടനില്‍; ഇനി ടീം ഇന്ത്യക്ക് തീപാറും പരിശീലനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!