
ദില്ലി: അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇടയുള്ള ടീമിനെ പ്രവചിച്ച് മുന്‍ താരം ആകാശം ചോപ്ര. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക 2027ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള സാധ്യത വിരളമാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കയെക്കാള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ സാധ്യതയുള്ള ടീം ശ്രീലങ്കയാണെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ നിലവില്‍ ഓസ്ട്രേലിയക്ക് പിന്നില്‍ രണ്ടാമതാണ് ശ്രീലങ്ക. ബംഗ്ലാദേശിനെതിരായ ഒരു ടെസ്റ്റില്‍ ജയിച്ച ശ്രീലങ്ക ഒരു ടെസ്റ്റില്‍ സമനില വഴങ്ങി. വരാനിരിക്കുന്ന മത്സരക്രമം കണക്കിലെടുത്താല്‍ ശ്രീലങ്ക ഫൈനലിലെത്താനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ചോപ്ര പറഞ്ഞു.
അവരുടെ ഹോം സീരീസുകള്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനുമെതിരെ ആണ്. വിദേശ പരമ്പരകളാകട്ടെ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരെയുമാണ്. പാകിസ്ഥാനിലും വെസ്റ്റ് ഇന്‍ഡീസിലും അവര്‍ മികവ് കാട്ടുമെന്ന് ഉറപ്പാണ്. ന്യൂസിലന്‍ഡിനെതിരെ തിരിച്ചടി നേരിട്ടാല്‍ പോലും ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ നാട്ടിലാണ് കളിക്കുന്നത് എന്നത് ശ്രീലങ്കക്ക് അനുകൂലഘടകമാണ്.
നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കക്കാട്ടെ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെയാണ് ഹോം പരമ്പരകള്‍ കളിക്കേണ്ടത്. വിദേശപരമ്പരകളാകട്ടെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ശ്രീലങ്കയിലെയും സ്പിന്‍ സൗഹൃദ പിച്ചുകളിലാണ്. അതുകൊണ്ട് ഈ പരമ്പരകളില്‍ ജയിച്ച് വീണ്ടും ഫൈനലിന് യോഗ്യത നേടുക എന്നത് ദക്ഷിണാഫ്രിക്കക്ക് എളുപ്പമാവില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയന്‍റ് പട്ടികയില്‍ നിലവില്‍ ഓസ്ട്രേലിയ ആണ് ഒന്നാമത്. ശ്രീലങ്ക രണ്ടാമതും ഇന്ത്യ മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ദക്ഷിണാഫ്രിക്ക ഇതുവരെ ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!