'അവനെക്കൊണ്ടൊന്നും പറ്റൂല്ല സാറെ', ഐസിസി ഫൈനലില്‍ വീണ്ടും നിരാശ; രോഹിത്തിനെ പൊരിച്ച് ആരാധകര്‍

Published : Jun 08, 2023, 08:27 PM IST
 'അവനെക്കൊണ്ടൊന്നും പറ്റൂല്ല സാറെ', ഐസിസി ഫൈനലില്‍ വീണ്ടും നിരാശ; രോഹിത്തിനെ പൊരിച്ച് ആരാധകര്‍

Synopsis

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് രോഹിത്തും ഗില്ലും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 15 റണ്‍സെടുത്ത് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കെതിരെ പരിഹാസവുമായി ആരാധകര്‍. ഐസിസി ഫൈനലുകളില്‍ ഇതുവരെ ഒറ്റ അര്‍ധസെഞ്ചുറി പോലും നേടാത്ത കളിക്കാരനാണ് രോഹിത്തെന്നും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും അത് ആവര്‍ത്തിച്ചുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് ആദ്യ മൂന്നോവറില്‍ 22 റണ്‍സടിച്ച് രോഹിത്തും ഗില്ലും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് തന്നെ ബൗണ്ടറി കടത്തിയായിരുന്നു രോഹിത് ശര്‍മ തുടങ്ങിയത്. സ്റ്റാര്‍ക്കിനെ വീണ്ടും ബൗണ്ടറി കടത്തിയ രോഹിത് ഫോമിലാണെന്ന് തോന്നിച്ചെങ്കിലും ആവേശത്തിന് അധികം ആയുസുണ്ടായില്ല. ആറാം ഓവറില്‍ കമിന്‍സ് രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. 26 പന്തില്‍ 15 റണ്‍സായിരുന്നു ഇന്ത്യന്‍ നായകന്‍റെ സംഭാവന.

എല്ലാ നിര്‍ണായക മത്സരങ്ങളിലും രോഹിത് പരാജയപ്പെടുന്നത് പതിവാണെന്നാണ് ആരാധകര്‍ കണക്കുകള്‍വെച്ച് സമര്‍ത്ഥിക്കുന്നത്. ഐപിഎല്ലില്‍ നിറം മങ്ങിയ രോഹിത് ടെസ്റ്റില്‍ റണ്‍സടിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ കൂടിയാണ് ഇന്ന് മങ്ങിയത്. കഴി‌ഞ്ഞ തവണ ഇതേ ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെ രോഹിത് സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ടി20യാണ് കളിക്കുന്നതെന്ന  ധാരണയില്‍ രോഹിത് ആറ് ഓവര്‍ കഴിയും മുമ്പെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയതാണെന്നും ആരാധകര്‍ പരിഹസിച്ചു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: നിരാശപ്പെടുത്തി രോഹിത്തും ഗില്ലും; ഓസീസിനെതിരെ ഇന്ത്യ 'തകര്‍ന്ന് തുടങ്ങി'

നേരത്തെ 327/3 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഓസീസ് രണ്ടാം ദിനം ലഞ്ചിന് പിന്നാലെ 469ന് ഓള്‍ ഔട്ടാവുകയായിരുന്നു.  രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയില്‍ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിന്‍സിനെയും ലിയോണിനെയും സിറാജും  വീഴ്ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്.

ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും