
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോസ് നിർണായകമാകുമെന്നും ഇന്ത്യക്ക് ടോസ് കിട്ടണേയെന്നും ആരാധകർ കരുതുമ്പോൾ വ്യത്യസ്ത നിലപാടുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഫൈനലിൽ ഇന്ത്യക്ക് ടോസ് കിട്ടാതിരിക്കുന്നതാണ് നല്ലതെന്ന് മഞ്ജരേക്കർ പറഞ്ഞു.
സതാംപ്ടണിലെ മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും പുല്ലുള്ള പിച്ചും കണക്കിലെടുത്ത് ടോസ് നേടുന്ന ടീം ആദ്യം ബൗളിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. പ്രത്യേകിച്ച് പന്ത് കൂടുതൽ സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിര ബുദ്ധിമുട്ടുമെന്നുകൂടി കണക്കിലെടുക്കുമ്പോൾ. ഇന്ത്യക്കാണെങ്കിൽ ഇംഗ്ലണ്ടിൽ പരിശീലന മത്സരംപോലും കളിക്കാനുമായിട്ടില്ല. എന്നാൽ ഇംഗ്ലണ്ടിലെ പുല്ലുള്ള പിച്ചുകളെല്ലാം ബൗളർമാരെ സഹായിക്കുന്നതല്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്.
അതുകൊണ്ട് കോലി നൻമയെ കരുതി ഞാൻ പറയുകയാണ്, ഇന്ത്യ ഈ ടോസ് ജയിക്കരുതെന്ന്. കാരണം ടോസ് ജയിക്കുന്ന ടീമുകളെല്ലാം ടെസ്റ്റ് ജയിക്കാറില്ല ഇനി അഥവാ ടോസ് നേടിയാൽ ആദ്യം ബാറ്റിംഗിനിറങ്ങാൻ തീരുമാനിക്കുകയോ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാൽ സന്തോഷിക്കുകയോ ആണ് വേണ്ടതെന്നും മഞ്ജരേക്കർ വ്യക്തമാക്കി.
സതാംപ്ടണിൽ കനത്തമഴ മൂലം ഫൈനലിന്റെ ആദ്യ സെഷനിലെ മത്സരം പൂർണമായും ഉപേക്ഷിച്ചിരുന്നു. ആദ്യ ദിവസം കളി നടക്കാനുള്ള സാധ്യതയും വിരളമാണ്. ആദ്യ ദിനം ടോസിന് മുമ്പാണ് മഴയെത്തിയത്. ഫൈനലിന് ഒരു റിസർവ് ദിനമാണുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!