ഇന്ത്യ ജയിക്കണമെങ്കില്‍ പൂജാര കനിയണം; പക്ഷേ ഇംഗ്ലീഷ് പിച്ചില്‍ അത്ര സുഖമുള്ള ഓര്‍മകളല്ല

By Web TeamFirst Published Jun 3, 2021, 6:22 PM IST
Highlights

മോശം ഫോമിലാണെങ്കില്‍ കൂടി അജിന്‍ക്യ രഹാനെയെ കോലി എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ചേതേശ്വര്‍ പൂജാരയുടെ കാര്യത്തിലും അതേ ശ്രദ്ധയാണ് കോലി പുലര്‍ത്തികൊണ്ടിരിക്കുന്നത്.

സഹതാരങ്ങളെ വേണ്ടുവോളം പിന്തുണയ്ക്കുന്ന ക്യാപ്റ്റനാണ് വിരാട് കോലി. കുറച്ച് മത്സരങ്ങള്‍ ഫോമിലായില്ലെങ്കില്‍ കോലി പിന്തുണ നല്‍കികൊണ്ടേയിരിക്കും. മികച്ച പ്രകനടം പുറത്തെടുക്കാന്‍ കഴിവുള്ള താരമാണെന്ന് കോലിക്ക് ബോധ്യപ്പെടണമെന്ന് മാത്രം. മോശം ഫോമിലാണെങ്കില്‍ കൂടി അജിന്‍ക്യ രഹാനെയെ കോലി എപ്പോഴും പിന്തുണച്ചിട്ടുണ്ട്. ചേതേശ്വര്‍ പൂജാരയുടെ കാര്യത്തിലും അതേ ശ്രദ്ധയാണ് കോലി പുലര്‍ത്തികൊണ്ടിരിക്കുന്നത്.

കോലിയെ പോലെയൊരു ബാറ്റ്‌സ്മാനല്ല പൂജാര. എങ്കിലും ഇന്ത്യന്‍ ടീമില്‍ കോലിക്ക് ലഭിക്കുന്ന അത്രത്തോളം പരിഗണന പൂജാരയ്ക്ക് ലഭിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ബലമാണ് പൂജാര. ടീമിന്റെ നെടുംതൂണ്‍ പൂജാരയാണെന്ന് പലരും സമ്മതിക്കും. മൂന്നാം നമ്പറില്‍ ഇറങ്ങുന്ന താരം ക്രീസില്‍ ഉറച്ചുനില്‍ക്കും. പ്രസിസന്ധി ഘട്ടങ്ങില്‍ പൂജാരയുടെ ശാന്തത, പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ഇവയെല്ലാം ടീമിന് മുതല്‍കൂട്ടാവാറുണ്ട്.

പ്രതിരോധത്തിലൂടെ പന്തിന്റെ തിളക്കം കളയുന്ന പൂജാര ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകളും കളിച്ചിട്ടുട്ടുണ്ട്. വിജയത്തില്‍ നിര്‍ണായകമായ ഇന്നിങ്‌സുകളും അതിലുണ്ടായിരുന്നു. 85 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ചിട്ടുള്ള പൂജാര 6244 റണ്‍സാണ് നേടിയത്. 45.59 ശരാശരിയിലാണ് പൂജാര ഇത്രയും റണ്‍സ് നേടിയത്. ഇതില്‍ 18 സെഞ്ചുറികളും 29 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ഇംഗ്ലണ്ടില്‍ 9 ടെസ്റ്റുകള്‍ പൂജാര കളിച്ചിട്ടുണ്ട്. എന്നാല്‍ 29.41 മാത്രമാണ് താരത്തിന്റെ ശരാശരി.

അടുത്തകാലത്ത് പലപ്പോഴും പൂജാരയുടെ പ്രതിരോധം പാളുന്നതായി കാണാം. നേടുന്ന റണ്‍സില്‍ ചോര്‍ച്ചയുണ്ടാവന്നുമുണ്ട്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ തുടക്കം മുതലാണ് ഈ ചോര്‍ച്ച പ്രകടമായത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിച്ചതിന് ശേഷം 818 റണ്‍സ് മാത്രമാണ് പൂജാര നേടിയത്. 17 ടെസ്റ്റുകളില്‍ നിന്ന് 29.21 ശരാശരി മാത്രമാണ് പൂജാരയ്ക്കുള്ളത്. ഒമ്പത് തവണ അര്‍ധ സെഞ്ചുറി നേടിയെങ്കില്‍ പോലും ഒരിക്കല്‍ പോലും 100 കടന്നില്ല.

ഈ നമ്പറുകള്‍ ഇന്ത്യയെ അസ്വസ്ഥമാക്കുന്നുണ്ടാവും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യക്ക് പൂജാര ഫോമിലാവേണ്ടതുണ്ട്. മധ്യനിരയില്‍ താരം സാന്നിധ്യമറിയിക്കേണ്ടതുണ്ട്. ടെസ്റ്റ് ടീമില്‍ കോലി കഴിഞ്ഞാല്‍ സ്ഥിരതയോടെ കളിക്കുന്ന താരം പൂജാരയാണ്. എന്നാലിപ്പോള്‍ കോലി പോലും പലപ്പോഴും പിറകോട്ട് പോകുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടില്‍ പൂജാര ഫോം കണ്ടെത്തേണ്ടതുണ്ട്.

click me!