
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും തിരിച്ചടി. ആഷസ് പരമ്പര കഴിഞ്ഞതിന് പിന്നാലെ പുറത്തിറക്കി പോയന്‍റ് പട്ടികയില്‍ ഇംഗ്ലണ്ടിന് 19ഉം ഓസ്ട്രേലിയക്ക് 10ഉം പോയന്‍റുകള്‍ നഷ്ടമായി. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലുള്ള പിഴയായാണ് പോയന്‍റുകള്‍ നഷ്ടമായത്.
ശ്രീലങ്കക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര തൂത്തുവാരിയ പാക്കിസ്ഥാന്‍ 24 പോയന്‍റും 100 വിജയശതമാനുമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര പരമ്പര 1-0ന് സ്വന്തമാക്കിയ ഇന്ത്യ 16 പോയന്‍റും 66.67 വിജയശതമാനവുമായി രണ്ടാം സ്ഥാനത്തുമാണ്.
ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പോയന്‍റുകള്‍ വെട്ടിക്കുറക്കുന്നതിന് മുമ്പ് 26 പോയന്‍റും 43.33 വിജയശതമാനുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പോയന്‍റുകള്‍ വെട്ടിക്കുറച്ചതോടെ ഓസീസിന് 18 പോയന്‍റുള്ളപ്പോള്‍ വിജയശതമാനം 30 ആയി താണു. ഇംഗ്ലണ്ടിന് ഒമ്പത് പോയന്‍റും 15 വിജയശതമാനവുമാണുള്ളത്. ഇന്ത്യയോട് ഒരു മത്സരത്തില്‍ തോല്‍ക്കുകയും ഒരു സമനില നേടുകയും ചെയ്ത വിന്‍ഡീസിന് നാലു പോയന്‍റും 16.67 വിജയശതമാനവുമുണ്ട്. പോയന്‍റ് പട്ടികയിലും ഇംഗ്ലണ്ടിനെക്കാള്‍ മുന്നിലാണ് വിന്‍ഡീസ് ഇപ്പോള്‍.
നിലവിലെ പോയന്‍റ് പട്ടിക പ്രകാരം പാക്കിസ്ഥാന്‍ ഒന്നാമതും ഇന്ത്യ രണ്ടാമതും നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ മൂന്നാമതും വെസ്റ്റ് ഇന്‍ഡീസ് നാലാമതും ഇംഗ്ലണ്ട് അഞ്ചാമതും പാക്കിസ്ഥാനെതിരായ രണ്ട് ടെസ്റ്റും തോറ്റ ശ്രീലങ്ക ആറാമതുമാണ്. ഈ വര്‍ഷം ഇനി ഡിസംബറില്‍ മാത്രമാണ് ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുള്ളത്. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍.
ആഷസ് പരമ്പര സമനിലയായതോടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കുമേല്‍ നേരിയ മേല്‍ക്കൈ ലഭിച്ചു. പുതിയ റാങ്കിംഗില്‍ ഇന്ത്യക്ക് 118.4 പോയന്‍റും ഓസീസിന് 117.8 പോയന്‍റുമാണുള്ളത്. ആഷസിന് മുമ്പ് ഇരു ടീമുകളും 118 പോയന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു. 115 പോയന്‍റുള്ള ഇംഗ്ലണ്ടാണ് മൂന്നാമത്.