എന്നാല്‍ സഞ്ജുവിനെയും കിഷനെയും ചൊല്ലി ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ ലോകകപ്പ് ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു. ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്.
ബെംഗലൂരു: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ ഇടമുണ്ടാകുമോ അതോ സഞ്ജുവിന് പകരം ഇഷാന്‍ കിഷനാകുമോ ലോകകപ്പ് ടീമിലെത്തുക തുടങ്ങിയ ചര്‍ച്ചകളും സജീവം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് കളികളിലും ഓപ്പണറായി ഇറങ്ങി അര്‍ധസെഞ്ചുറി നേടിയതോടെ സഞ്ജുവിന് മേല്‍ ഇഷാന്‍ കിഷന്‍ മുന്‍തൂക്കം നേടുകയും ചെയ്തു.
എന്നാല്‍ സഞ്ജുവിനെയും കിഷനെയും ചൊല്ലി ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ ലോകകപ്പ് ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പിംഗ് പരിശീലനം നടത്തുന്നതിന്‍റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു. ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും രാഹുലിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഈ മാസം അവസാനം തുടങ്ങുന്ന ഏഷ്യാ കപ്പിലാകും രാഹുല്‍ ടീമില്‍ തിരിച്ചെത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുല്‍ ടീമിലെത്തിയാല്‍ പ്ലേയിംഗ് ഇലവനില്‍ ഉറപ്പായും കളിക്കും.
വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലാവും രാഹുല്‍ ടീമിലെത്തു. ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണര്‍മാരായി എത്തുമ്പോള്‍ നാലാം നമ്പറിലാലും രാഹുല്‍ ഇറങ്ങുക. രാഹുല്‍ പ്ലേയിംഗ് ഇലവനിലെത്തിയാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ ഇഷാന്‍ കിഷനും സഞ്ജു സാംസണും പ്ലേയിംഗ് ഇലവനില്‍ എത്താനുള്ള സാധ്യത മങ്ങും.ഇക്കാര്യതന്നെയാണ് ട്വിറ്ററില്‍ ആരാധകരും ചൂണ്ടിക്കാട്ടുന്നത്. ലോകകപ്പ് ടീമില്‍ സഞ്ജുവോ കിഷനോ എന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കാമെന്നും രാഹുല്‍ കീപ്പിംഗ് പരിശീലനം തുടങ്ങിക്കഴിഞ്ഞെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്തമാസം അഞ്ചിന് മുമ്പാണ് ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടത്. അതിനു മുമ്പ് കായികക്ഷമത തെളിയിച്ച് രാഹുലിന് ടീമില്‍ തിരിച്ചെത്താനാവുമെന്നാണ് കരുതുന്നത്. ഓപ്പണറായി ഇറങ്ങി പല മത്സരങ്ങിലും പതിഞ്ഞ തുടക്കം നല്‍കിയതിന്‍റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്ന രാഹുല്‍ നാലാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്തനാണിപ്പോള്‍. വിക്കറ്റ് കീപ്പറെന്ന നിലയിലും രാഹുല്‍ മികവ് കാട്ടുന്നത് സഞ്ജുവിനും ഇഷാനും വെല്ലുവിളിയാണ്.
