
മുംബൈ: ഏകദിന ലോകകപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയ വെടിക്കെട്ട് തുടക്കങ്ങളാണ് ഫൈനല്‍ വരെയുള്ള ഇന്ത്യയുടെ തുടര്‍ വിജയങ്ങളില്‍ പലപ്പോഴും നിര്‍ണായകമായത്. തുടക്കം മുതല്‍ എതിര്‍ ബൗളര്‍മാരുടെ താളം തെറ്റിച്ച് തകര്‍ത്തടിച്ച രോഹിത് നല്‍കിയ അടിത്തറയില്‍ നിന്നാണ് കോലിയും രാഹുലുമെല്ലാം ഇന്നിംഗ്സ് കെട്ടിപ്പടുത്തത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ കളിക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പില്ലാത്ത സാഹചര്യത്തില്‍ രോഹിത് ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ചെയ്ത കാര്യങ്ങള്‍ ടി20യില്‍ ആവര്‍ത്തിക്കാന്‍ കഴിവുള്ള ഓപ്പണറുടെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍.
ഐപിഎല്ലിലെ താരബഹുല്യം കാരണം, ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ഒരേസമയം, രണ്ട് ടീമുകളെ കളിപ്പിക്കാനുള്ള താരങ്ങളുണ്ടെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ ഇന്ത്യ സമീപനം മാറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് പറ്റിയ കളിക്കാരന്‍ യുവതാരം യശസ്വി ജയ്‌സ്വാളാണ്. രോഹിത് ശര്‍മ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി ചെയ്തത് യശസ്വി ജയ്സ്വാളിന് ടി20 ക്രിക്കറ്റില്‍ ആവര്‍ത്തിക്കാനാവുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
ഇന്ത്യക്കായി 13 ടി20 മത്സരങ്ങള്‍ കളിച്ച 21കാരനായ യശസ്വി ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. 33.63 ശരാശരിയിലും 163.71 സ്ട്രൈക്ക് റേറ്റിലുമാണ് യശസ്വി റണ്‍സടിച്ചു കൂട്ടിയത്. യശസ്വിയുടെ വെടിക്കെട്ട് ബാറ്റിംഗിനെ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറും പ്രശംസിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി 48.08 ശരാശരിയില്‍ 163.21 പ്രഹരശേഷിയില്‍ 625 റണ്‍സാണ് യശസ്വി അടിച്ചെടുത്തത്.
കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിക്കുന്നതിലും യശസ്വി നിര്‍ണായക പങ്കുവഹിച്ചു. നേപ്പാളിനെതിരെ 49 പന്തില്‍ സെഞ്ചുറി അടിച്ചാണ് യശസ്വി ആദ്യ ടി20 സെഞ്ചുറി കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റിലും അരങ്ങേറിയ യശസ്വി ആദ്യ ടെസ്റ്റില്‍ തന്നെ 171 റണ്‍സടിച്ച് അരങ്ങേറ്റം ഗംഭീരമാക്കി. അടുത്തിടെ അവസാനിച്ച ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നല്‍കുന്നതില്‍ യശസ്വി നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!