സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര

Published : Dec 06, 2025, 08:41 PM IST
Yashasvi Jaiswal-Rohit Sharma

Synopsis

111 പന്തില്‍ ജയ്സ്വാള്‍ കന്നി ഏകദിന സെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലേക്ക് 36 പന്തുകള്‍ മാത്രമാണ് ജയ്സ്വാള്‍ എടുത്തത്. 

വിശാഖപട്ടണം: ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്‍റെ കന്നി ഏകദിന സെഞ്ചുറിയുടെയും മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്‍റെ ആധികാരിക ജയം.ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 39.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. 116 റണ്‍സുമായി ജയ്സ്വളും 65 റണ്‍സുമായി കോലിയും പുറത്താകാതെ നിന്നപ്പോള്‍ 75 റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. സ്കോര്‍ ദക്ഷിണാഫ്രിക്ക 47.5 ഓവറില്‍ 270ന് ഓള്‍ ഔട്ട്, ഇന്ത്യ 39.5 ഓവറില്‍ 271-1.

കരുതലോടെ തുടങ്ങി ജയ്സ്വാള്‍, കരുത്തുകാട്ടി രോഹിത്

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 271 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും കരുതലോടെയാണ് തുടങ്ങിയത്. തുടക്കിത്തില്‍ ജയ്സ്വാള്‍ താളം കണ്ടെത്താന്‍ പാടുപെട്ടപ്പോള്‍ രോഹിത്തിനായിരുന്നു സ്കോറിംഗിന്‍റെ ചുമതല. ആദ്യ മൂൂന്നോവറില്‍ 10 റണ്‍സ് മാത്രമെടുത്ത ഇന്ത്യ നാലാം ഓവറിലാണ് ആദ്യ ബൗണ്ടറി നേടുന്നത്. എന്‍ഗിഡിയുടെ പന്തില്‍ രോഹിത്തിന്‍റെ വകയായിരുന്നു ആദ്യ ബൗണ്ടറി. 

പിന്നാലെ യാന്‍സനെ ബൗണ്ടറി കടത്തി ജയ്സ്വാളും ഫോമിലായി. അഞ്ചാം ഓവറില്‍ എന്‍ഗിഡിയെ സിക്സിന് പറത്തിയ ജയ്സ്വാള്‍ കരുത്തുകാട്ടിയപ്പോള്‍ എന്‍ഗിഡിക്കെതിരെ തന്നെ സിക്സ് അടിച്ച് രോഹിത്തും ടോപ് ഗിയറിലായി. ആദ്യ പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ 48 റണ്‍സായിരുന്നു ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡില്‍. വ്യക്തിഗത സ്കോര്‍ 27 പിന്നിട്ടതോടെ രോഹിത് രാജ്യാന്തര ക്രിക്കറ്റില്‍ 20000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടു.

ജയ്സ്‌ബാള്‍

 

54 പന്തില്‍ രോഹിത് അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ 20-ാം ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 100 കടന്നു. പിന്നാലെ കോര്‍ബിന്‍ ബോഷിന്‍റെ തുടര്‍ച്ചയായ ഓവറുകളില്‍ രോഹിത് സിക്സ് പറത്തി. പിന്നാലെ ജയ്സ്വാള്‍ 75 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.26ാം ഓവറില്‍ ഇന്ത്യ 150 കടന്നതിന് പിന്നാലെ മഹാരാജിനെ സിക്സിന് പറത്താനുള്ള ശ്രമത്തില്‍ രോഹിത് മടങ്ങി. പിന്നീടെത്തിയ വിരാട് കോലിയും ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്. കോര്‍ബിന്‍ ബോഷെറിഞ്ഞ 34-ാം ഓവറില്‍ ഫോറും സിക്സും പറത്തി കോലി തകര്‍ത്തടിച്ചപ്പോള്‍ അര്‍ധസെഞ്ചുറിക്ക് ശേഷം ജയ്സ്വാളും ഗിയര്‍ മാറ്റി. 111 പന്തില്‍ ജയ്സ്വാള്‍ കന്നി ഏകദിന സെഞ്ചുറി തികച്ചു. അര്‍ധസെഞ്ചുറിയില്‍ നിന്ന് സെഞ്ചുറിയിലേക്ക് 36 പന്തുകള്‍ മാത്രമാണ് ജയ്സ്വാള്‍ എടുത്തത്. ഏകദിനത്തിലും സെഞ്ചുറി നേടിയതോടെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം ഇന്ത്യൻ താരമായി ജയ്സ്വാള്‍.

 

സെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച ജയ്സ്വാളും 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലിയും ചേര്‍ന്ന് പിന്നീട് അതിവേഗം ഇന്ത്യൻ ജയം പൂര്‍ത്തിയാക്കി. ജയ്സ്വാള്‍ 121 പന്തില്‍ 116 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോലി 45 പന്തില്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നു. 12 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് ജയ്സ്വാളിന്‍റെ ഇന്നിംഗ്സ്. കോലി ആറ് ഫോറും മൂന്ന് സിക്സും പറത്തിയപ്പോള്‍ 75 റണ്‍സടിച്ച് പുറത്തായ രോഹിത് ഏഴ് ഫോറും മൂന്ന് സിക്സും പറത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നല്ല തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ് 47.5 ഓവറില്‍ 267 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 89 പന്തില്‍ 106 റണ്‍സടിച്ച ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ടെംബാ ബാവുമ 48 റണ്‍സടിച്ചപ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ് 29ഉം മാത്യു ബ്രെറ്റ്സ്കി 24ഉം റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍
റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്