സെഞ്ചുറിയുമായി ജയ്സ്വാള്‍, അര്‍ധസെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍; ഇംഗ്ലണ്ടിനെതിരെ തിരിച്ചടിച്ച് ഇന്ത്യ

Published : Jun 20, 2025, 08:20 PM IST
Yashasvi Jaiswal

Synopsis

ഇംഗ്ലണ്ടിലെ തന്‍റെ ആദ്യ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി കുറിച്ച ജയ്സ്വാള്‍ 144 പന്തിലാണ് മൂന്നക്കം കടന്നത്. 16 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിംഗ്സ്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്‍റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ കെ എല്‍ രാഹുലിന്‍റെയും സായ് സുദര്‍ശന്‍റെയും വിക്കറ്റെടുത്ത് ഇംഗ്ലണ്ട് ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കിയെങ്കിലും ല‍ഞ്ചിനുശേഷം ജയ്സ്വാള്‍-ഗില്‍ സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റൺസന്ന ശക്തമായ നിലയിലാണ്. 100 റണ്‍സുമായി യശസ്വി ജയ്സ്വാളും 58 റണ്‍സോടെ ക്യാപ്റ്റന്‍ ശുഭ്മാൻ ഗില്ലും ക്രീസില്‍. കെ എല്‍ രാഹുലിന്‍റെയും സായ് സുദര്‍ശന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഇംഗ്ലണ്ടിലെ തന്‍റെ ആദ്യ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി കുറിച്ച ജയ്സ്വാള്‍ 144 പന്തിലാണ് മൂന്നക്കം കടന്നത്. 16 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിംഗ്സ്. ലഞ്ചിനുശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഗില്ലുമൊത്ത് പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 123 റണ്‍സാണ് ജയ്സ്വാൾ കൂട്ടിച്ചേര്‍ത്തത്. ലഞ്ചിന് പിരിയുമ്പോൾ 74 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജയ്സ്വാള്‍ 95 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചശേഷം സെഞ്ചുറിയിലേക്കെത്താന്‍ 50 പന്തുകള്‍ കൂടിയെ ജയ്സ്വാളിന് വേണ്ടി വന്നുള്ളു.

മറുവശത്ത് ഗില്ലും ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി. 55 പന്തിലാണ് ഗില്‍ ഇംഗ്ലണ്ടിലെ ആദ്യ അര്‍ധസെഞ്ചുറി തികച്ചത്. സെഞ്ചുറിക്ക് അരികെ ജയ്സ്വാളിന് കൈക്കുഴയില്‍ വേദന അനുഭവപ്പെട്ടത് ആശങ്ക ഉയര്‍ത്തിയെങ്കിലും ബ്രെയ്ഡന്‍ കാര്‍സിനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളോടെ 91ല്‍ നിന്ന് 99ലെത്തിയ ജയ്സ്വാള്‍ പിന്നാലെ സിംഗിളെടുത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലും സെഞ്ചുറി നേടിയ ജയ്സ്വാളായിരുന്നു പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്കോറര്‍.

 

നേരത്തെ ഓപ്പണിംഗ് വിക്കറ്റില്‍ 91 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ കെ എല്‍ രാഹുല്‍-യശസ്വി ജയ്സ്വാള്‍ സഖ്യം ഇന്ത്യക്ക് നല്ല തുടക്കാമണ് നല്‍കിയത്. എന്നാല്‍ ലഞ്ചിന് തൊട്ടു മുമ്പ് ആദ്യം രാഹുലിനെയും ലഞ്ചിന് മുമ്പുള്ള അവസാന ഓവറില്‍ സായ് സുദര്‍ശനെയും നഷ്ടമായത് ഇന്ത്യക്ക് ഇരട്ട പ്രഹരമായിരുന്നു. രാഹുല്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബ്രെയ്ഡന്‍ കാര്‍സിന്‍റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ച് സ്ലിപ്പില്‍ ജോ റൂട്ടിന് പിടി കൊടുത്ത് പുറത്താവുകയായിരുന്നു. 78 പന്ത് നേരിട്ട രാഹുല്‍ എട്ട് ബൗണ്ടറികള്‍ സഹിതം 42 റണ്‍സടിച്ചു.

രാഹുല്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സായ് സുദര്‍ശന്‍ ആദ്യ പന്തില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ചു. പിന്നാലെ ലെഗ് സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തി ബെന്‍ സ്റ്റോക്സ് ഒരുക്കിയ തന്ത്രത്തില്‍ വീണു. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഗ്ലാന്‍സിന് ശ്രമിച്ച സായ് സുദര്‍ശനെ വിക്കറ്റ് കീപ്പര്‍ ജാമി സ്മത്ത് പിടികൂടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല