
ഹെഡിങ്‌ലി: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. 42 റണ്‍സോടെ ഓപ്പണര്‍ യശസ്വി ജയ്സ്വാൾ ക്രീസില്‍.
42 റൺസെടുത്ത കെ എല്‍ രാഹുലിന്‍റെയും അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സായ് സുദര്‍ശന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യ സെഷനില്‍ നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ 91 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ കെ എല്‍ രാഹുല്‍-യശസ്വി ജയ്സ്വാള്‍ സഖ്യം ഇന്ത്യക്ക് നല്ല തുടക്കാമണ് നല്‍കിയത്. എന്നാല്‍ ലഞ്ചിന് തൊട്ടു മുമ്പ് ആദ്യം രാഹുലിനെയും ലഞ്ചിന് മുമ്പുള്ള അവസാന ഓവറില്‍ സായ് സുദര്‍ശനെയും നഷ്ടമായത് ഇന്ത്യക്ക് ഇരട്ട പ്രഹരമായി. രാഹുല്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബ്രെയ്ഡന്‍ കാര്‍സിന്‍റെ പന്തില്‍ ഡ്രൈവിന് ശ്രമിച്ച് സ്ലിപ്പില്‍ ജോ റൂട്ടിന് പിടി കൊടുത്ത് പുറത്താവുകയായിരുന്നു. 78 പന്ത് നേരിട്ട രാഹുല്‍ എട്ട് ബൗണ്ടറികള്‍ സഹിതം 42 റണ്‍സടിച്ചു.
രാഹുല്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സായ് സുദര്‍ശന്‍ ആദ്യ പന്തില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ചു. പിന്നാലെ ലെഗ് സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തി ബെന്‍ സ്റ്റോക്സ് ഒരുക്കിയ തന്ത്രത്തില്‍ വീണു. ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ഗ്ലാന്‍സിന് ശ്രമിച്ച സായ് സുദര്‍ശനെ വിക്കറ്റ് കീപ്പര്‍ ജാമി സ്മത്ത് പിടികൂടുകയായിരുന്നു. 74 പന്തില്‍ 42 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ എട്ട് ബൗണ്ടറികള്‍ നേടി. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെ മുന്നേറിയ യശസ്വി-രാഹുല്‍ സഖ്യം ലഞ്ചിന് മുമ്പ് തകര്‍ക്കാനായത് ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കി. ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സും ബെന്‍ സ്റ്റോക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റില്‍ ടീം ഇന്ത്യയെ ശുഭ്‌മാന്‍ ഗില്‍ ആദ്യമായി നയിക്കുന്ന മത്സരമാണിത്. സായ് സുദര്‍ശന്‍ ടീം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോള്‍ എട്ട് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മലയാളി താരം കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. നാല് പേസര്‍മാരും ഒരു സ്‌പിന്നറുമാണ് ഇന്ത്യക്ക് ബൗളിംഗ് നിരയിലുള്ളത്.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക