
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിന്‍റെ ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യൻ ഓപ്പണര്‍ രണ്ടാം ദിനം തുടക്കത്തിലെ റണ്ണൗട്ടായി മടങ്ങിയത്. ആദ്യ ദിനത്തിലെ സ്കോറിനോട് വെറും രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ 175 റണ്‍സുമായി ജയ്സ്വാള്‍ മടങ്ങി. മിഡോഫിലേക്ക് ഫീല്‍ഡറുടെ കൈയിലേക്ക് അടിച്ച പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ചാണ് ജയ്സ്വാള്‍ റണ്ണൗട്ടായത്.
ജയ്സ്വാള്‍ മിഡോഫിലേക്ക് പന്തടിച്ച് റണ്ണിനായി വിളിച്ചപ്പോള്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് രണ്ടടി മുന്നോട്ടുവെച്ചശേഷം ഗില്‍ തിരിഞ്ഞു നടക്കുകയായിരുന്നു. അപ്പോഴേക്കും ജയ്സ്വാള്‍ ഓടി പിച്ചിന് നടുവിലെത്തിയിരുന്നു. പന്തെടുത്ത ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുകൊടുത്തപ്പോൾ തിരിഞ്ഞോടാന്‍ ശ്രമിച്ച ജയ്സ്വാൾ തിരിച്ച് ക്രീസിൽ കയറും മുമ്പെ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ച് ബെയ്ല്‍സിളക്കിയിരുന്നു.
റണ്ണൗട്ടയതിന്‍റെ നിരാശ മുഴുവന്‍ ഗ്രൗണ്ടില്‍ പ്രകടമാക്കിയശേഷമാണ് ജയ്സ്വാൾ ക്രീസ് വിട്ടത്. അത് തന്‍റെ കോളായിരുന്നുവെന്ന് ജയ്സ്വാള്‍ ഗില്ലിനോട് ഉറക്കെ വിളിച്ചുപറയുന്നതും ഗില്‍ അതിന് വിശദീകരണം നല്‍കുന്നതും കാണാമായിരുന്നു. പന്ത് പിടിക്കും മുമ്പ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് സ്റ്റംപിളക്കിയോ എന്ന സംശയത്തില്‍ ജയ്സ്വാള്‍ കുറച്ചു നേരം കൂടി ക്രീസില്‍ നിന്നെങ്കിലും വീഡിയോ പരിശോധനയില്‍ അത് റണ്ണൗട്ടാണെന്ന് വ്യക്തമായി. ഇതോടെ അമ്പയര്‍ ക്രീസ് വിടാന്‍ ജയ്സ്വാളിനോട് ആവശ്യപ്പെട്ടു. നിരാശയോടെ തലയില്‍ കൈവെച്ചാണ് ജയ്സ്വാള്‍ ക്രീസ് വിട്ടത്.
318-2 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 175 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന് പുറമെ 43 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. നിതീഷിനെ വാറിക്കനാണ് പുറത്താക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക