
കൊല്‍ക്കത്ത: ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള സെലക്ഷന്‍ ട്രയല്‍സായിരുന്നു ഇത്തവണ ഐപിഎല്‍. രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മിന്നിത്തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് ടീമിലെത്തിയത് ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളുടെ കരുത്തിലായിരുന്നു. സഞ്ജുവിന് പുറമെ റിഷഭ് പന്താണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.
ഇന്ത്യൻ ടീമില്‍ സ്ഥാനം നിലനിര്‍ത്താനുള്ള സുവര്‍ണാവസരം കൂടിയാണ് സഞ്ജുവിന് ടി20 ലോകകപ്പ്. ഇത്തവണ ലോകകപ്പില്‍ തിളങ്ങിയാല്‍ പിന്നെ സഞ്ജുവിനെ ഒഴിവാക്കാനാവില്ലെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായ ഗൗതം ഗംഭീര്‍ പറഞ്ഞു. പറയുന്നതുപലെ സഞ്ജു പുതുമുഖമല്ലെന്നും ഇന്ത്യക്കായി ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള പരിചയസമ്പത്തൊക്കെ സഞ്ജുവിനായെന്നും ഗംഭീര്‍ പറഞ്ഞു.
സഞ്ജുവിനെ ലോകകപ്പ് ടീമിലെടുത്തിരിക്കുന്നു. അവസരം കിട്ടിയാല്‍ ഇന്ത്യക്കായി കളി ജയിപ്പിച്ച് കാണിച്ചുകൊടുക്കാനുള്ള അവസരമാണിത്. കാരണം, രാജ്യാന്തര ക്രിക്കറ്റില്‍ നിനക്കിപ്പോള്‍ നല്ല പരിചയസമ്പത്തുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നീ ഇപ്പോഴൊരു പുതുമഖമല്ല. രാജ്യാന്തര ക്രിക്കറ്റ് എന്താണെന്ന് നീ മനസിലാക്കുകയും ഐപിഎല്ലില്‍ തിളങ്ങുകയും ചെയ്തു. ഇപ്പോഴിതാ ലോകകപ്പില്‍ കളിക്കാനും അവസരം ലഭിച്ചിരിക്കുന്നു. അതുകൊണ്ട് തന്‍റെ പ്രതിഭ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനുള്ള അവസരമാണിത്. അതും ലോകകപ്പില്‍. നീ അവിടെ മികവ് കാട്ടിയാല്‍ ലോകം മുഴുവന്‍ അത് കാണുകയും ശ്രദ്ധിക്കുകയും ചെയ്യുമെന്നും ഗംഭീര്‍ സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2012 ഐപിഎല്ലില്‍ കൊല്‍ക്കത്ത ടീമിന്‍റെ ഭാഗമായിരുന്ന സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അന്നേ സഞ്ജുവിന്‍റെ കഴിവുകള്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഒരു കളിക്കാരനെ അഞ്ച് മിനിറ്റ് കണ്ടാല്‍ തന്നെ എങ്ങനെയുള്ള കളിക്കാരനാണെന്ന് തനിക്ക് മനസിലാവുമെന്നും ഗംഭീര്‍ പറഞ്ഞു. ഇത്തവണ ഐപിഎല്‍ കരിയറിലാദ്യമായി 500 റണ്‍സ് നേട്ടം പിന്നിട്ട സഞ്ജു 13 മത്സരങ്ങളില്‍ 504 റണ്‍സാണ് നേടിയത്. അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടിയ സഞ്ജു റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആറാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക