പന്തിനെയും സഞ്ജുവിനെയും ഒരേസമയം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യത കുറവാണെന്നും അവരിലൊരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനിലുണ്ടാകൂ എന്നും ഗംഭീര്‍
കൊല്‍ക്കത്ത: ഐപിഎല്ലിലെ മിന്നും പ്രകടനങ്ങള്‍ക്ക് പിന്നാലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് വിക്കറ്റ് കീപ്പര്‍മാരായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത് രാജസ്ഥാന്‍ നായകൻ സഞ്ജു സാംസണെയും ഡല്‍ഹി നായകന്‍ റിഷഭ് പന്തിനെയുമായിരുന്നു. റണ്‍വേട്ടയില്‍ ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം സഞ്ജു ഇത്തവണ പുറത്തെടുത്തപ്പോള്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റശേഷം സജീവ ക്രിക്കറ്റില്‍ തിരിച്ചെത്തിയ റിഷബ് പന്തും റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ടോപ് 10ല്‍ ഉണ്ട്. റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ സഞ്ജു അഞ്ചാമതും പന്ത് ഒമ്പതാമതുമാണ്. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ആരാകും ഇന്ത്യക്കായി കളിക്കുക എന്ന ചര്‍ച്ചകളും സജീവമാണ്.
ബാറ്റിംഗ് ഫോം കണക്കിലെടുത്ത് സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ കളിപ്പിക്കണെമെന്ന് ചിലര്‍ പറയുമ്പോള്‍ ഇടം കൈയന്‍ ബാറ്ററായതിനാല്‍ റിഷഭ് പന്തിനുവേണ്ടിയും വാദമുയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ കൊല്‍ക്കത്ത മെന്‍ററായ ഗൗതം ഗംഭീര്‍. സഞ്ജുവും റിഷഭ് പന്തും ലോകകപ്പ് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ ഒരുപോലെ യോഗ്യരായ താരങ്ങളാണെന്ന് ഗംഭീര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇവരിലൊരാളെ പ്ലേയിംഗ് ഇലവനില്‍ തെരഞ്ഞെടുക്കുക എന്നത് ക്യാപ്റ്റൻ രോഹിത് ശര്‍മയെ സംബന്ധിച്ച് വിഷമകരമായ കാര്യമായിരിക്കും. എങ്കിലും താനാണ് ക്യാപ്റ്റനെങ്കില്‍ റിഷഭ് പന്തിനെയാവും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുക എന്ന് ഗംഭീര്‍ പറഞ്ഞു.
റിഷഭ് പന്ത് മധ്യനിരയില്‍ നാലു മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്ന ബാറ്ററാണ്. മറുവശത്ത് സഞ്ജുവാകട്ടെ ഐപിഎല്ലില്‍ ടോപ് ഓര്‍ഡറില്‍ മൂന്നാം നമ്പറില്‍ മാത്രമാണ് ബാറ്റ് ചെയ്യുന്നത്. ഇതിനെല്ലാം പുറമെ പന്ത് ഇടം കൈയന്‍ ബാറ്ററാണെന്നതും ടീം കോംബിനേഷനില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ പന്തിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയുമെന്നും ഗംഭീര്‍ പറഞ്ഞു.
ടീം കോംബിനേഷന്‍ നോക്കുമ്പോള്‍ മധ്യനിരയിലാണ് നമുക്ക് ഒരു ബാറ്ററെ വേണ്ടത്. അല്ലാതെ ടോപ് ഓര്‍ഡറിലല്ല. അതുകൊണ്ടുതന്നെ തുടക്കത്തില്‍ റിഷഭ് പന്തിനെയാവും താന്‍ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയെന്നും എന്നാല്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും റിഷഭ് പന്തിനെക്കാള്‍ വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ സഞ്ജുവിന് കഴിയുമെന്ന് ബിസിസിഐ കരുതുന്നുവെങ്കിലും സഞ്ജുവിനായിരിക്കും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുകയെന്നും ഗംഭീര്‍ പറഞ്ഞു.
പഞ്ചാബിന് വീഴ്ത്തി നോക്കൗട്ട് പഞ്ചിന് സഞ്ജുവിന്‍റെ രാജസ്ഥാന്‍, ജയിച്ചാല്‍ ടോപ് 2ൽ സ്ഥാനം ഉറപ്പ്
എന്നാല്‍ പന്തിനെയും സഞ്ജുവിനെയും ഒരേസമയം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യത കുറവാണെന്നും അവരിലൊരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനിലുണ്ടാകൂ എന്നും ഗംഭീര്‍ പറഞ്ഞു. ആരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചാലും അവരെ ടീം മാനേജ്മെന്‍റ് പിന്തുണക്കമെന്നും ഒന്ന് രണ്ട് മോശം പ്രകടനത്തിന്‍റെ പേരില്‍ അവരെ വിമർശിക്കുകയും മാറ്റി നിര്‍ത്തുകയോ ചെയ്യരുതെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു.
