യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

By Web TeamFirst Published Jun 10, 2019, 1:51 PM IST
Highlights

2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു.

മുംബൈ: ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും.

2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.

2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു യുവി. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കുന്ന യുവിയെ കാനഡയിലെ ജി ടി20, യൂറോ ടി20  ടൂര്‍ണമെന്റുകളില്‍ ആരാധകര്‍ക്ക് തുടര്‍ന്നും കാണാനാകും. ഇതിനായി യുവരാജ് ബിസിസിഐയുടെ അനുമതി തേടിയിരുന്നു. ഐപിഎല്ലില്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി പാഡണിഞ്ഞ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

304 ഏകദിനങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സടിച്ച യുവി 111 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകര്‍ത്താന്‍ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. 40 ടെസ്റ്റുകളില്‍ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സഹിതം 1900 റണ്‍സെ നേടാനായുള്ളു. ഒമ്പത് വിക്കറ്റും നേടി. ഏകദിന ക്രിക്കറ്റ് കഴിഞ്ഞാല്‍ ടി20 ക്രിക്കറ്റിലായിരുന്നു യുവരാജിന്റെ രാജവാഴ്ച പിന്നീട് കണ്ടത്.

ഇന്ത്യക്കായി 58 ടി20 മത്സരങ്ങളില്‍ കളിച്ച യുവി 136.38 പ്രഹരശേഷിയില്‍ 1177 റണ്‍സടിച്ചു. എട്ട് അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.

click me!