ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നോ? മറുപടിയുമായി യുവ്‌രാജ് സിംഗ്

Published : Mar 02, 2024, 12:14 PM ISTUpdated : Mar 02, 2024, 01:12 PM IST
ലോക്‌സഭ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നോ? മറുപടിയുമായി യുവ്‌രാജ് സിംഗ്

Synopsis

പഞ്ചാബിലെ ​ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി യുവരാജ് മത്സരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു

ഗുരുദാസ്‌പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024നുള്ള ബിജെപിയുടെ താരപട്ടികയില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ‌്‌രാജ് സിംഗുമുണ്ട് എന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജെപിക്കായി പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നാവും യുവി മത്സരിക്കുക എന്നായിരുന്നു സൂചനകള്‍. എന്നാല്‍ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് യുവ്‌രാജ് സിംഗ് ഇപ്പോള്‍. 

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ യുവ്‌രാജ് സിം​ഗ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ജനങ്ങളെ സഹായിക്കുന്നത് തനിക്ക് ഇഷ്ടമാണ്. 'യുവി ക്യാൻ' എന്ന തന്‍റെ ഫൗണ്ടേഷനിലൂടെ ഇത് ചെയ്യുന്നുണ്ട്. തുടർന്നും ഇത്തരം സഹായങ്ങൾ ഉണ്ടാവുമെന്നും യുവരാജ് വ്യക്തമാക്കി. ബോളിവുഡ് നടന്‍ കൂടിയായ സണ്ണി ഡിയോളാണ് നിലവില്‍ ഗുരുദാസ്പൂര്‍ മണ്ഡലത്തിലെ എംപി. സണ്ണി വീണ്ടും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് ഉറപ്പായതോടെയാണ് യുവിയുടെ പേര് ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി സജീവമായത്. അടുത്തിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി യുവരാജ് സിംഗ് അമ്മയ്ക്കൊപ്പം കൂടിക്കാഴ്‌ച നടത്തിയത് അഭ്യൂഹങ്ങള്‍ ശക്തമാക്കുകയായിരുന്നു. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എംപിയായിരുന്ന സുനില്‍ ജാഖറിനെ തോല്‍പിച്ചാണ് 2019ല്‍ ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ സണ്ണി ഡിയോള്‍ വിജയിച്ചത്. 2022 മെയ് മാസം ഇതേ സുനില്‍ ജാഖര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. എംപിയായ സണ്ണി ഡിയോള്‍ മണ്ഡലത്തില്‍ സജീവമായിരുന്നില്ല എന്ന വിമര്‍ശനം പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉയര്‍ത്തിയിരുന്നു. പുറത്തുനിന്ന് കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പകരം മണ്ഡലങ്ങളില്‍ സജീവമാകാന്‍ കഴിയുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് ഭഗ്‌വന്ത് മാന്‍ ജനങ്ങളോടായി പറഞ്ഞിരുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് യുവ്‌രാജ് സിംഗ്. ഇടംകൈയന്‍ ബാറ്ററും ബൗളറുമായിരുന്ന യുവി 2007ലെ പ്രഥമ ട്വന്‍റി 20 ലോകകപ്പ് ജയത്തിലും 2011ലെ ഏകദിന ലോകകപ്പ് കിരീടത്തിലും നിര്‍ണായക പങ്കുവഹിച്ചു. ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റുമായി ടൂര്‍ണമെന്‍റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2011 ലോകകപ്പിന് പിന്നാലെ ക്യാന്‍സര്‍ ബാധിതനായ യുവ്‌രാജ് ചികിത്സയിലൂടെ രോഗമുക്തി നേടിയതിനുശേഷം വീണ്ടും ക്രിക്കറ്റില്‍ സജീവമായി. രാജ്യാന്തര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 11,778 റണ്‍സും 148 വിക്കറ്റും യുവ്‌രാജ് സിംഗിനുണ്ട്. 

Read more: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇന്ത്യൻ സൂപ്പര്‍ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സഞ്ജുവോ ജിതേഷോ, ഹര്‍ഷിതോ അര്‍ഷ്‌ദീപോ, പ്ലേയിംഗ് ഇലവന്‍റെ കാര്യത്തില്‍ ഗംഭീറിന് ആശയക്കുഴപ്പം
ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി