
മൊഹാലി: റിഷഭ് പന്ത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ തന്റെ ഫോം വീണ്ടെടുക്കാനും ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാനുമുള്ള കഠിനശ്രമത്തിലാണെന്ന് മുന്‍ താരം യുവരാജ് സിംഗ്. തന്റെ കീഴില്‍ പരിശീലനം നടത്തുന്ന പന്ത്, വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും യുവരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുവരാജ് വ്യക്തമാക്കുന്നതിങ്ങനെ... ''ക്രിക്കറ്റില്‍ മുന്നോട്ട് പോകാനും മെച്ചപ്പെടാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചുവരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. മാനസികമായി അദ്ദേഹത്തെ കരുത്തനാക്കാന്‍ കഴിഞ്ഞാല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. ഈ ഐപിഎല്ലില്‍ വ്യത്യസ്തനായ ഒരു റിഷഭ് പന്തിനെ നിങ്ങള്‍ക്ക് കാണാം.'' യുവരാജ് പറഞ്ഞു. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മെന്ററാണ് യുവരാജ് സിംഗ്.
താരങ്ങളുമായി നേരിട്ട് സംസാരിക്കാനും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനുമാണ് യുവരാജ് മുന്‍ഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി മുംബൈയില്‍ പന്തിനൊപ്പം മൂന്ന്-നാല് ദിവസങ്ങള്‍ ചിലവഴിച്ച യുവരാജ്, താരത്തിന്റെ ബാറ്റിംഗിലെ പോരായ്മകള്‍ പരിഹരിക്കാനും മാനസിക വ്യക്തത നല്‍കാനും ശ്രമിച്ചു.
2024 ഓഗസ്റ്റിലെ ശ്രീലങ്കന്‍ പര്യടനത്തിലാണ് പന്ത് അവസാനമായി ഇന്ത്യക്കായി ഏകദിന ക്രിക്കറ്റ് കളിച്ചത്. അന്ന് മൂന്ന് മത്സരങ്ങളില്‍ നിന്നായി കേവലം 57 റണ്‍സ് മാത്രമാണ് താരം നേടിയത്. 2025ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നെങ്കിലും, കെ എല്‍ രാഹുല്‍ ഒന്നാം നമ്പര്‍ കീപ്പറായി തുടര്‍ന്നതിനാല്‍ പന്തിന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ തിളങ്ങുമ്പോഴും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തിന്റെ സമീപകാല കണക്കുകള്‍ അത്ര മികച്ചതല്ല.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ റിഷഭ് പന്ത്, ഏപ്രില്‍ 5-ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് ഇനി കളത്തിലിറങ്ങുക. യുവരാജിന്റെ കീഴിലുള്ള പരിശീലനം പന്തിന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!