Latest Videos

സഞ്ജു സാംസണല്ല, ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവേണ്ടത് റിഷഭ് പന്ത്; കാരണം വ്യക്തമാക്കി യുവരാജ് സിംഗ്

By Web TeamFirst Published May 23, 2024, 2:51 PM IST
Highlights

ലോകകപ്പില്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യയുടെ നിര്‍ണായക താരമെന്നും യുവരാജ്

മുംബൈ: അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിൽ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍  ഇന്ത്യ റിഷഭ് പന്തിനെ കളിപ്പിക്കണമെന്ന് മുൻതാരം യുവരാജ് സിംഗ്. റിഷഭ് പന്തും സഞ്ജു സാംസണുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. ഐപിഎല്ലിൽ പന്തിനെക്കാൾ മികച്ച പ്രകടനം നടത്തുന്നതും നിലവില്‍ ഫോമിലുള്ളതും സഞ്ജുവാണെങ്കിലും ലോകകപ്പിൽ സഞ്ജുവിനെക്കാൾ ടീമില്‍ പ്രാധാന്യം നൽകേണ്ടത് റിഷഭ് പന്തിനാണെന്നും യുവരാജ് സിംഗ് പറഞ്ഞു.

റിഷഭ് പന്തിനെയാണ് വിക്കറ്റ് കീപ്പർ ബാറ്ററായി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കേണ്ടത്. ഇടംകൈയൻ ബാറ്ററായതിനാൽ എതിരാളികൾക്ക് കൂടുതൽ വെല്ലുവിളി നൽകാൻ റിഷഭ് പന്തിന് കഴിയും.ഒറ്റയ്ക്ക് മത്സരങ്ങൾ ജയിപ്പിക്കാനുള്ള കഴിവും റിഷഭ് പന്തിനെ വേറിട്ട് നിര്‍ത്തുന്നു. ടെസ്റ്റ് മത്സരങ്ങളിലാണ് പന്ത് ഇന്ത്യക്ക് കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ളതെങ്കിലും ലോകകപ്പ് പോലെയുള്ള വലിയ വേദികളിലും പന്തിന് അതിന് കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

'ചെന്നൈയെ വീഴ്ത്തിയതുകൊണ്ട് മാത്രം കിരീടം നേടാനാവില്ല', തോൽവിക്ക് പിന്നാലെ ആർസിബിയെ പരിഹസിച്ച് അംബാട്ടി റായുഡു

ലോകകപ്പില്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യയുടെ നിര്‍ണായക താരമെന്നും യുവരാജ് പറഞ്ഞു. സൂര്യകുമാറിന് 15 പന്തുകളില്‍ മത്സരത്തിന്‍റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിയും. ഇന്ത്യ ലോകകപ്പ് ജയിക്കണമെങ്കില്‍ സൂര്യയുടെ പ്രകടനം അതില്‍ നിര്‍ണായകമാണ്. സൂര്യയെപ്പോലെതന്നെ ബൗളിംഗില്‍ നിര്‍ണായകമാകുന്ന താരമാണ് ജസ്പ്രീത് ബുമ്ര. അതുപോലെ ലെഗ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിനും പ്രധാന റോള്‍ വഹിക്കാനുണ്ട്. പക്ഷെ അപ്പോഴും സൂര്യയുടെ പ്രകടനം തന്നെയാവും ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുകയെന്നും യുവി ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.

ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമ്പതിനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. 12 ന് ആതിഥേയരായ അമേരിക്കയെയും 15ന് കാനഡയെയും ഇന്ത്യ നേരിടും.ലോകകപ്പിനായി ഇന്ത്യൻ ടീം രണ്ട് സംഘമായിട്ടായിരിക്കും അമേരിക്കയിലെത്തുക. ഈമാസം 25ന് ആദ്യ സംഘം അമേരിക്കയിലേക്ക് പുറപ്പെടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!