ധോണിയുടെ വിരമിക്കല്‍; ആ മഹാന്‍മാരോട് ചോദിക്കണമെന്ന് യുവരാജ്

By Web TeamFirst Published Nov 5, 2019, 7:51 PM IST
Highlights

ഇന്ത്യന്‍ ടീമില്‍ നിന്ന് കളിക്കാര്‍ വിശ്രമം എടുക്കാത്തത് തിരിച്ചുവരുമ്പോള്‍ ടീമിലെ സ്ഥാനം നഷ്ടമാവുമോ എന്ന പേടികൊണ്ടാണെന്നും യുവരാജ് പറഞ്ഞു.

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരണവുമായി യുവരാജ് സിംഗ്. മുംബൈയില്‍ ഒരു സ്വാകാര്യ ചടങ്ങില്‍ പങ്കെടുക്കവെ മാധ്യമ പ്രവര്‍ത്തകര്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കറിയില്ല, നിങ്ങള്‍ പോയി മഹാന്‍മാരായ സെലക്ടര്‍മാരോട് ചോദിക്കൂ, അവരെ കാണുമ്പോള്‍, അതാണ് ശരി, അല്ലാതെ ഞാന്‍ പറയുന്നതല്ലെന്നായിരുന്നു യുവിയുടെ മറുപടി.

ഇന്ത്യന്‍ ടീമില്‍ നിന്ന് കളിക്കാര്‍ വിശ്രമം എടുക്കാത്തത് തിരിച്ചുവരുമ്പോള്‍ ടീമിലെ സ്ഥാനം നഷ്ടമാവുമോ എന്ന പേടികൊണ്ടാണെന്നും യുവരാജ് പറഞ്ഞു. ഓസ്ട്രേലിയന്‍ ടീമില്‍ നിന്ന് മാനസികപ്രശ്നങ്ങളെത്തുടര്‍ന്ന് ഗ്ലെന്‍ മാക്സ്‌വെല്‍ വിശ്രമം എടുത്തതിനെ ചൂണ്ടിക്കാട്ടിയായിരുന്നു യുവിയുടെ പ്രതികരണം. ഓസ്ട്രേലിയയില്‍ ക്രിക്കറ്റ് ബോര്‍ഡും സെലക്ടര്‍മാരും കളിക്കാരുടെ അസോസിയേഷനുമെല്ലാം കളിക്കാരെ പിന്തുണയ്ക്കുന്ന രീതിയുണ്ട്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി അങ്ങനെയല്ല.

കളിക്കാരുടെ മോശം സമയത്ത് സെലക്ടര്‍മാര്‍ അവരെ കൂടുതല്‍ നെഗറ്റീവ് ആക്കാതെ അവരെ പോസറ്റീവായി പിന്തുണയ്ക്കുകയാണ് വേണ്ടത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ നേരത്തെ സജ്ജമാക്കണം. 20 കളിക്കാരെ ഇപ്പോഴെ കണ്ടെത്തി അതില്‍ നിന്ന് 16 പേരെ തെരഞ്ഞെടുക്കണം. അല്ലാതെ എല്ലാവര്‍ക്കും അവസരം നല്‍കി ആര്‍ക്കും ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള സമയം നല്‍കാതിരിക്കലല്ല ചെയ്യേണ്ടതെന്നും യുവി പറഞ്ഞു.

click me!