'ധോണി അന്ന് പുറത്തായപ്പോള്‍ കണ്ണീരടക്കാന്‍ പാടുപെട്ടു'; വെളിപ്പെടുത്തലുമായി ചാഹല്‍

By Web TeamFirst Published Sep 28, 2019, 3:46 PM IST
Highlights

'മഹി ഭായി റണൗട്ടായപ്പോള്‍ ആദ്യ ലോകകപ്പ് കളിക്കുന്ന ഞാന്‍ ബാറ്റിംഗിനിറങ്ങി. പൊഴിയുന്ന കണ്ണീര്‍ കടിച്ചമര്‍ത്താനായിരുന്നു ഈ സമയം എന്‍റെ ശ്രമം'. 

മുംബൈ: ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ സെമിയില്‍ ടീം ഇന്ത്യയുടെ പുറത്താകല്‍ ആരാധകര്‍ക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായിരുന്നിട്ടും കിവീസിനോട് തോറ്റ് ഇന്ത്യ മടങ്ങുകയായിരുന്നു. ഏഴാമനായി ഇറങ്ങി പൊരുതിയ എം എസ് ധോണി പുറത്തായപ്പോള്‍ ഇന്ത്യന്‍ കാണികള്‍ കണ്ണീര്‍ പൊഴിച്ചു. ആ നിമിഷത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്ത്യന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ഇപ്പോഴും സങ്കടമടക്കാനാവുന്നില്ല.

'മഹി ഭായി റണൗട്ടായപ്പോള്‍ ആദ്യ ലോകകപ്പ് കളിക്കുന്ന ഞാന്‍ ബാറ്റിംഗിനിറങ്ങി. പൊഴിയുന്ന കണ്ണീര്‍ കടിച്ചമര്‍ത്താനായിരുന്നു ഈ സമയം എന്‍റെ ശ്രമം. ആ നിമിഷം ഏറെ സമ്മര്‍ദത്തിലാക്കി. ഒന്‍പത് മത്സരങ്ങള്‍ നന്നായി കളിച്ചതിന് ശേഷം ഞങ്ങള്‍ ടൂര്‍ണമെന്‍റില്‍ നിന്ന് അതിവേഗം പുറത്തായപോലെ. മഴയുടെ നിയന്ത്രണം നമ്മുടെ കയ്യിലല്ല, അതിനാല്‍ മഴയെ പഴിചാരാനാവില്ല. പറ്റുന്നത്ര വേഗത്തില്‍ മൈതാനത്തുനിന്ന് ഹോട്ടലിലേക്ക് മടങ്ങാനായിരുന്നു അപ്പോള്‍ ആഗ്രഹിച്ചിരുന്നത്' എന്നും ചാഹല്‍ വെളിപ്പെടുത്തി.

എന്നാല്‍ കരിയറില്‍ ഒരു ലോകകപ്പെങ്കിലും നേടാന്‍ താനാഗ്രഹിക്കുന്നതായി ചാഹല്‍ പറഞ്ഞു. അഞ്ചാറ് വര്‍ഷം കൂടി കളിക്കണം. ഒര ലോകകപ്പെങ്കിലും നേടണം. ഇപ്പോള്‍ കാട്ടുന്ന മികവും ടീമിനെ പരുവപ്പെടുത്തുന്ന രീതിയും ശുഭസൂചനയാണ്. ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും വെസ്റ്റ് ഇന്‍ഡീസിലും ജയിക്കാനായി. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നേടാനായാല്‍ ടീം ഇന്ത്യക്കെതിരായ എല്ലാ വിമര്‍ശനങ്ങളും അസ്തമിക്കുമെന്നും യുവ ലെഗ് സ്‌പിന്നര്‍ വ്യക്തമാക്കി. 

ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്ത മാഞ്ചസ്റ്റര്‍ ക്ലൈമാക്‌സ്

ഓള്‍ഡ് ട്രഫോര്‍ഡ് വേദിയായ സെമിയില്‍ കിവീസിനോട് 18 റണ്‍സിനായിരുന്നു ഇന്ത്യന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് നേടി. ഭുവി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ കെയ്‌ന്‍ വില്യംസണും(67) റോസ് ടെയ്‌ലറും(74) ആണ് കിവീസിനെ കാത്തത്. മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെ തുടങ്ങിയ ഇന്ത്യക്ക്  24 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായി. എന്നാല്‍ ഏഴാമനായി ഇറങ്ങിയ എം എസ് ധോണിയും എട്ടാമന്‍ രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു.

ജഡേജ 59 പന്തില്‍ 77 റണ്‍സ് നേടി പുറത്തായെങ്കിലും ധോണി ഒരറ്റത്ത് നിലയുറപ്പിച്ചു. പക്ഷേ, 'ധോണി ഫിനിഷിംഗ്' കാത്തിരുന്ന ആരാധകരെ ചാമ്പലാക്കി 49-ാം ഓവറിലെ മൂന്നാം പന്തില്‍ ഗപ്റ്റിലിന്‍റെ ലോംഗ് ത്രോ സ്റ്റംപ് പിഴുതു. 50 റണ്‍സുമായി ധോണി പുറത്താകുമ്പോള്‍ 216 റണ്‍സാണ് ടീം ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഈ സ്‌കോറിനോട് അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മൂന്ന് പന്ത് ശേഷിക്കേ ഇന്ത്യ ഓള്‍ഔട്ടായി. അഞ്ച് റണ്‍സെടുത്ത ചാഹലാണ് അവസാനക്കാരനായി പുറത്തായത്. കിവികള്‍ക്കായി മാറ്റ് ഹെന്‍‌റി മൂന്നും ട്രെന്‍ഡ് ബോള്‍ട്ടും മിച്ചല്‍ സാന്‍റ്‌നറും രണ്ട് വിക്കറ്റ് വീതവും നേടി. 

click me!