
സതാംപ്‍ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍(ENG vs IND 2nd T20I) സ്ക്വാഡിലില്ലാത്ത അർഷ്‍ദീപ് സിംഗിനെ(Arshdeep Singh) ഒഴികെ പ്ലേയിംഗ് ഇലവനില്‍ മറ്റ് മാറ്റങ്ങള്‍ വരുത്താന്‍ ടീം ഇന്ത്യ(Team India) തയ്യാറായേക്കില്ലെന്ന് മുന്‍ പേസർ സഹീർ ഖാന്‍(Zaheer Khan). രണ്ടാം ടി20യ്ക്കുള്ള സ്ക്വാഡിലേക്ക് ടെസ്റ്റ് സ്ഥിരാംഗങ്ങളായ വിരാട് കോലിയും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും മടങ്ങിവരവിന് തയ്യാറെടുക്കുമ്പോഴാണ് സഹീറിന്‍റെ നിരീക്ഷണം. ആദ്യ ടി20യില്‍ കളിച്ച അർഷ്‍ദീപ് ഒഴികെയുള്ള എല്ലാ താരങ്ങളും രണ്ടും മൂന്നും ടി20യ്ക്കുള്ള സ്ക്വാഡിനൊപ്പമുണ്ട്.
'ടീം സെലക്ഷന്‍ വളരെ ബുദ്ധിമുട്ടാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതിനാല്‍ വരും മത്സരങ്ങള്‍ക്കായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. ടീം മാറ്റങ്ങള്‍ക്ക് തയ്യാറാവില്ല എന്നാണ് എന്‍റെ തോന്നല്‍. എന്തായാലും ഒരു മാറ്റം അനിവാര്യമാണ്. എന്താണ് സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം. കാരണം നിലവിലെ കളിയുടെ താളം നഷ്ടപ്പെടുത്തേണ്ടതില്ലല്ലോ. രണ്ടാം ടി20യില്‍ അർഷ്‍ദീപ് സിംഗ് കളിക്കില്ലാത്തതിനാല്‍ സ്വാഭാവികമായും ജസ്പ്രീത് ബുമ്ര പ്ലേയിംഗ് ഇലവനിലെത്തും' എന്നും സഹീർ ഖാന്‍ കൂട്ടിച്ചേർത്തു. എഡ്‍ജ്ബാസ്റ്റണില്‍ ശനിയാഴ്ചയാണ്(ജൂലൈ 9) ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടി20.
ഹാർദിക് താരം, ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം
ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം 50 റൺസിന്റെ മിന്നും വിജയം സ്വന്തമാക്കിയിരുന്നു. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ സൂപ്പർ ഹീറോ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഇന്ത്യയുയർത്തിയ വമ്പൻ വിജയലക്ഷ്യത്തിന് മുന്നിൽ അമ്പേ അടിപതറിയ ഇംഗ്ലീഷ് സംഘം ദയനീയമായി തോൽവി സമ്മതിക്കുകയായിരുന്നു. സ്കോർ: ഇന്ത്യ-198/8 (20), ഇംഗ്ലണ്ട്-148 (19.3). ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം.
ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ (33 പന്തിൽ 51) അർധ സെഞ്ചുറി നേടി. ദീപക് ഹൂഡയും (33), സൂര്യകുമാർ യാദവും (39) നടത്തിയ മിന്നൽ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിംഗ്സിന് ചാരുത പകർന്നു. ഇംഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് ജോർദാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഹാരി ബ്രോക്കിനും (28), മോയിൻ അലിക്കും (36) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് തന്നെയാണ് ബൗളിംഗിലും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. യുസ്‍വേന്ദ്ര ചഹാലും അർഷ്‍ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകളും പേരിലെഴുതി.
ഇംഗ്ലണ്ടിനെതിരായ രണ്ടും മൂന്നും ടി20യ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്.
ENG vs IND : തുടർ ജയത്തില്‍ റെക്കോർഡിട്ട് ഹിറ്റ്മാന്‍; രോഹിത് ശർമ്മ ഇനി ഒന്നാമന്‍