
ടൗണ്‍സ്‌വില്‍: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് താനെന്ന് മുമ്പ് പലകുറി തെളിയിച്ച താരമാണ് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത്. സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ സ്‌മിത്തിന്‍റെ കരിയറിലെ മറ്റൊരു മിന്നും ക്യാച്ച് ആരാധകര്‍ കണ്ടു. ആദം സാംപയുടെ പന്തില്‍ ടോണി മുനോഗ്യയെ പുറത്താക്കാനാണ് സ്‌മിത്ത് പറന്നത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയുടെ ഇന്നിംഗ്‌സിലെ 25-ാം ഓവറിലെ നാലാം പന്തിലാണ് സ്റ്റീവ് സ്‌മിത്തിന്‍റെ തകര്‍പ്പന്‍ ക്യാച്ചിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. സ്‌പിന്നര്‍ ആദം സാംപയെ ലോംഗ് ഓഫിന് മുകളിലൂടെ പറത്താനായിരുന്നു ടോണി മുനോഗ്യയുടെ ശ്രമം. എന്നാല്‍ ടോണിയുടെ ടൈമിംഗ് പിഴച്ചപ്പോള്‍ സര്‍ക്കിളില്‍ ഫീല്‍ഡ് ചെയ്തിരുന്ന സ്‌മിത്ത് പിന്നോട്ടോട്ടി ഡൈവിംഗ് ക്യാച്ചെടുക്കുകയായിരുന്നു. 14 പന്തില്‍ ഏഴ് റണ്‍സേ ടോണിക്കുണ്ടായിരുന്നുള്ളൂ.
മത്സരത്തില്‍ സ്റ്റീവ് സ്‌മിത്ത് ബാറ്റ് കൊണ്ടും തിളങ്ങിയപ്പോള്‍ ഓസീസ് അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. സിംബാബ്‌വെയുടെ 200 റണ്‍സ് 33.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഓസീസ് മറികടക്കുകയായിരുന്നു. നേരത്തെ 9 ഓവറില്‍ 33 റണ്‍സിന് അഞ്ച് വിക്കറ്റുമായി കാമറൂണ്‍ ഗ്രീനാണ് സിംബാബ്‌വെയെ 200ല്‍ തളച്ചത്. വെസ്ലി മധെവേരെ (72), ടഡിവാന്‍ഷെ മറുമാനി (45) എന്നിവരെ തിളങ്ങിയുള്ളൂ. ആദം സാംപ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്കും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ 15 റണ്‍സെടുത്ത് നില്‍ക്കേ ഓസീസിന് നഷ്‌ടമായെങ്കിലും സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധ സെഞ്ചുറി നേടി. വാര്‍ണര്‍ 66 പന്തില്‍ 57 റണ്‍സെടുത്തു. പിന്നാലെ സ്‌മിത്ത് 80 പന്തില്‍ 48* റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 9 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സുമായി പുറത്താകാതെ 32* റണ്‍സെടുത്ത് ഓസീസിനെ ജയിപ്പിച്ചു. അലക്‌സ് ക്യാരി(10), മാര്‍ക്കസ് സ്റ്റോയിനിസ്(19), മിച്ചല്‍ മാര്‍ഷ്(2) എന്നിവരാണ് പുറത്തായ മറ്റ് ഓസീസ് ബാറ്റര്‍മാര്‍.