രണ്ടാം ഏകദിനത്തില്‍ കളിപ്പിക്കാതിരുന്നതോടെ ദീപക്കിന് വീണ്ടും പരിക്കായോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു

ഹരാരെ: പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ മാന്‍ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍ രണ്ടാം മത്സരത്തില്‍ കളിക്കാതിരുന്നത് ഏവരെയും അമ്പരപ്പിച്ചിരുന്നു. ദീപക്കിന് വീണ്ടും പരിക്കായോ എന്ന് ആരാധകര്‍ ഇതോടെ സംശയം പ്രകടിപ്പിച്ചിരുന്നു. ദീപക് ചാഹറിന് മത്സരത്തില്‍ വിശ്രമം നല്‍കിയതാണെന്നും മൂന്നാം ഏകദിനത്തില്‍ താരം കളിക്കുമെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

'ദീപക് ചാഹറിന്‍റെ ആരോഗ്യത്തിന് പ്രശ്‌നമൊന്നുമില്ല. മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് സിംബാബ്‌വെയിലെ രണ്ടാം ഏകദിനത്തില്‍ കളിപ്പിക്കാതിരുന്നത്. ദൈര്‍ഘ്യമേറിയ പരിക്കിന് ശേഷം തിടുക്കംപിടിച്ച് മത്സരങ്ങള്‍ കളിപ്പിക്കേണ്ടതില്ല എന്ന് ടീം മാനേജ്‌മെന്‍റും സെലക്‌ടര്‍മാരും തീരുമാനിക്കുകയായിരുന്നു. മൂന്നാം ഏകദിനം കളിക്കാന്‍ താരം തയ്യാറാണ്' എന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്‌പോര്‍ടി‌നോട് പറഞ്ഞു.

ദീപക് ചാഹറിന് സന്തോഷവാര്‍ത്ത

'ഇന്ത്യയുടെ ഭാവി വൈറ്റ്-ബോള്‍ പരമ്പരകളില്‍ നിര്‍ണായക താരമായിരിക്കും ദീപക് ചാഹര്‍. അതിനാല്‍ താരത്തിന്‍റെ ജോലിഭാരം ക്രമീകരിക്കേണ്ടതുണ്ട്. ആദ്യ ഏകദിനത്തിലെ ഗംഭീര സ്‌പെല്ലിന് ശേഷം അതുകൊണ്ട് മാത്രമാണ് താരത്തിന് വിശ്രമം നല്‍കിയത്. വരാനിരിക്കുന്ന പരമ്പരകളില്‍ ദീപക്കിന്‍റെ മികച്ച പ്രകടനം മാനേജ്‌മെന്‍റിന് ഉറപ്പിക്കേണ്ടതുണ്ട്' എന്നും ബിസിസിഐ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. 

പരിക്കിനോട് പടവെട്ടിയ ആറ് മാസക്കാല ഇടവേളയ്‌ക്ക് ശേഷം സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുകയായിരുന്നു ദീപക് ചാഹര്‍. ആദ്യ ഏകദിനത്തില്‍ ഏഴ് ഓവര്‍ എറിഞ്ഞ് 27 റണ്‍സിന് മൂന്ന് വിക്കറ്റുമായി മത്സരത്തിലെ താരമായി ദീപക് ചാഹര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

പരിക്കുമൂലം ഐപിഎല്‍ 2022 സീസണ്‍ ദീപക് ചാഹറിന് നഷ്‌ടമായിരുന്നു. ഇതിന് പുറമെ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ഹോം പരമ്പരകളിലും ദീപക് ചാഹര്‍ കളിച്ചില്ല. ഇംഗ്ലണ്ട്, വിന്‍ഡീസ് പര്യടനവും അടുത്തിടെ നഷ്‌ടമായി. സിംബാബ്‌വെയില്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഷ്യാ കപ്പിനുള്ള പ്രധാന സ്‌ക്വാഡില്‍ ആവേശ് ഖാനെ മറികടന്ന് ചാഹര്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. ഇതിന് മൂന്നാം ഏകദിനത്തിലെ പ്രകടനം നിര്‍ണായകമാകും. നിലവില്‍ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ സ്റ്റാന്‍ഡ്‌ബൈ താരമായാണ് ദീപക് ചാഹറിന്‍റെ പേരുള്ളത്. 

സഞ്ജുവിനെ പിന്തള്ളി സിംബാബ്‌വെയില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ് ദീപക് ചാഹറിന്? വീഡിയോ