
ഹരാരെ: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ കെ എല്‍ രാഹുലിന്‍റെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിന് ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ഏകദിനം. രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലെത്തുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും കളിക്കാനാണ് സാധ്യത. അതേസമയം പ്ലേയിംഗ് ഇലവനില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.
ഇന്ന് ആർക്ക് അരങ്ങേറ്റം?
പരമ്പര നേടിയതിനാൽ ബെഞ്ചിലിരിക്കുന്നവർക്ക് ഇന്ത്യ അവസരം നല്‍കിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടി ഫീൽഡിംഗിനിറങ്ങിയ ഇന്ത്യ ഇത്തവണ ബാറ്റർമാർക്ക് അവസരം നൽകാനാകും ആഗ്രഹിക്കുക. പരിക്കും കൊവിഡും അലട്ടിയിരുന്ന ക്യാപ്റ്റൻ കെ എൽ രാഹുലിന് ഏഷ്യാ കപ്പിന് മുൻപ് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസാന അവസരമാണ് മൂന്നാം ഏകദിനം. ഇന്ത്യ ഷഹബാസ് അഹമ്മദിനോ രാഹുല്‍ ത്രിപാഠിക്കോ അരങ്ങേറ്റത്തിന് അവസരം നൽകിയേക്കും. ഇവര്‍ക്കൊപ്പം ആവേശ് ഖാനും റുതുരാജ് ഗെയ്‌ക്‌വാദും അവസരം കാത്തിരിക്കുന്നുമുണ്ട്. രണ്ടാം ഏകദിനത്തില്‍ വിശ്രമത്തിലായിരുന്ന ദീപക് ചാഹര്‍ ഇന്ന് കളിക്കും എന്നുറപ്പായിട്ടുണ്ട്.
ആശ്വാസ ജയം തേടിയിറങ്ങുന്ന സിംബാബ്‍വെയാകട്ടെ ഓപ്പണിംഗിലെ പിഴവ് മറികടക്കാനുള്ള ശ്രമത്തിലാണ്. 2020 മുതൽ സിംബാബ്‍വെ 14 സഖ്യത്തെ പരീക്ഷിച്ചു. 2014ന് ശേഷം ഓപ്പണിംഗിൽ ഒരു സെഞ്ചുറി കൂട്ടുകെട്ട് പോലും സിംബാബ്‍വെക്കില്ല. ബംഗ്ലാദേശിനെതിരെ തിളങ്ങിയ സിക്കന്തർ റാസയിലും ക്യാപ്റ്റൻ റെഗിസ് ചകബ്‍വയിലും തന്നെയാണ് ആതിഥേയരുടെ പ്രതീക്ഷ.
തല്‍സമയം കാണാനുള്ള വഴികള്‍
സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കാണ് ഇന്ത്യ-സിംബാബ്‌വെ ഏകദിന പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍. അതിനാല്‍ സോണി ലിവില്‍ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗ് കാണാനാകും.
സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നില്‍ നില്‍ക്കുകയാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണായിരുന്നു കളിയിലെ താരം. സിംബാബ്‌വെയുടെ 161 റണ്‍സ് പിന്തുടരവേ ആറാമനായി ക്രീസിലെത്തി 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ പുറത്താകാതെ സഞ്ജു 43* റണ്‍സെടുത്തു. സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്‌കോററും. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 26-ാം ഓവറിലെ നാലാം പന്തില്‍ ഇന്നസെന്‍റ് കൈയ്യയെ സിക്‌സര്‍ പറത്തിയാണ് സഞ്ജു ടീമിന് വിജയം സമ്മാനിച്ചത്.
ബാറ്റ് കൊണ്ട് മാത്രമല്ല, മനസ് കൊണ്ടും സഞ്ജു മാന്‍ ഓഫ് ദ് മാച്ച്; കുട്ടി ആരാധകന് സമ്മാനം- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!