സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ സഞ്ജു സാംസണായിരുന്നു കളിയിലെ താരം

ഹരാരെ: സിക്‌സര്‍ ഫിനിഷിംഗും ടോപ് സ്‌കോറും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവുമായി ആരാധകര്‍ക്ക് ബാറ്റിംഗ് വിരുന്നൊരുക്കുകയായിരുന്നു സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണ്‍. മത്സര ശേഷം മനസ് കൊണ്ടും ആരാധകരെ സന്തോഷിപ്പിച്ചു സഞ്ജു സാംസണ്‍. ഒരു കുഞ്ഞ് ആരാധകനാണ് ഇതിലേറെ സന്തോഷമായത്. 

ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയശില്‍പിയായതിന് പിന്നാലെ കുട്ടി ആരാധകന്‍റെ ആഗ്രഹം സഫലമാക്കുകയായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. ഗാലറിക്ക് അരികിലെത്തി ബാലന്‍റെ ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു സഞ്ജു. ആരാധകര്‍ക്കൊപ്പം സെല്‍ഫികള്‍ എടുക്കുകയും ചെയ്തു സഞ്ജു. സഞ്ജു. മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാര്‍, സ‍ഞ്ജു സാംസണിന്‍റെ ഈ ദൃശ്യങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചു. രാജ്യാന്തര കരിയറിലെ ആദ്യ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഏറെനേരം ആരാധകര്‍ക്കൊപ്പം ചിലവിട്ട സഞ്ജുവിന്‍റെ ലാളിത്യത്തെ ആരാധകര്‍ പ്രശംസിക്കുന്നുണ്ട്.

സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ സഞ്ജു സാംസണായിരുന്നു കളിയിലെ താരം. സിംബാബ്‌വെയുടെ 161 റണ്‍സ് പിന്തുടരവേ ആറാമനായി ക്രീസിലെത്തി 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 43* റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററാവുകയായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 26-ാം ഓവറിലെ നാലാം പന്തില്‍ ഇന്നസെന്‍റ് കൈയ്യയെ സിക്‌സര്‍ പറത്തിയായിരുന്നു സഞ്ജുവിന്‍റെ വിജയാഘോഷം. 

ശിഖര്‍ ധവാന്‍(33), കെ എല്‍ രാഹുല്‍(1), ശുഭ്‌മാന്‍ ഗില്‍(33), ഇഷാന്‍ കിഷന്‍(6), ദീപക് ഹൂഡ(25), അക്‌സര്‍ പട്ടേല്‍(6*) എന്നിങ്ങനെ മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവരാണ് സിംബാബ്‌വെയെ 38.1 ഓവറില്‍ 161 റണ്‍സില്‍ ഓള്‍ഔട്ടാക്കിയത്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനം നാളെ നടക്കും. ജയിച്ചാല്‍ ടീം ഇന്ത്യക്ക് 3-0ന് പരമ്പര തൂത്തുവാരാം. 

സിംബാബ്‍വെയില്‍ പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; അരങ്ങേറുമോ രാഹുല്‍ ത്രിപാഠി? സാധ്യതാ ഇലവന്‍