ഒരുകാലത്ത് പ്രതാപികള്‍! പിന്നീട് നിറംമങ്ങി; ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയില്‍ സിംബാബ്‌വെ ക്രിക്കറ്റ്

By Web TeamFirst Published Oct 31, 2022, 9:30 PM IST
Highlights

അയര്‍ലന്റിനേയും സ്‌കോട്ടലന്‍ഡിനേയും തോല്‍പ്പിച്ച് സൂപ്പര്‍ 12ലേക്ക്. അവിടെയും തീര്‍ന്നില്ല. പാകിസ്ഥാനെതിരെ അട്ടിമറി ജയം. ബംഗ്ലാദേശിനെതിരെ തലനാരിഴയ്ക്കാണ് വിജയം നഷ്ടമായത്. തകര്‍ന്നടിഞ്ഞ സിംബാബ്‌വേ ടീമിന്റെ തിരിച്ചുവരവാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം കാണുന്നത്.

പെര്‍ത്ത്: സിംബാബ്‌വെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ സാന്പത്തിക പ്രതിസന്ധിയുടെ പേരിലല്ല. ടി20 ലോകകപ്പിലെ  വമ്പന്‍ പ്രകടനങ്ങളോടെ. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് സിംബാബ്‌വെയില്‍ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു ആര്‍ക്കും. എന്നാല്‍ അയര്‍ലന്റിനേയും സ്‌കോട്ടലന്‍ഡിനേയും തോല്‍പ്പിച്ച് സൂപ്പര്‍ 12ലേക്ക്. അവിടെയും തീര്‍ന്നില്ല. പാകിസ്ഥാനെതിരെ അട്ടിമറി ജയം. ബംഗ്ലാദേശിനെതിരെ തലനാരിഴയ്ക്കാണ് വിജയം നഷ്ടമായത്. തകര്‍ന്നടിഞ്ഞ സിംബാബ്‌വേ ടീമിന്റെ തിരിച്ചുവരവാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം കാണുന്നത്.

''ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടോ. അങ്ങനെയെങ്കില്‍ എല്ലാ മത്സരങ്ങള്‍ക്ക് ശേഷവും പശ വെച്ച് ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു.'' സിംബാബ്‌വന്‍ ബാറ്റര്‍ റയാന്‍ ബേള്‍ ഈ ചിത്രം പങ്കുവച്ച് ട്വറ്ററില്‍ കുറിച്ച വാക്കുകള്‍. ഒരുകാലത്ത് പ്രതാപികളായ സിംബാബ്‌വന്‍ ക്രിക്കറ്റിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടുന്നതായിരുന്നു ഈ ട്വീറ്റ്. അവിടെ നിന്ന് ടി20 ലോകകപ്പില്‍ വമ്പന്മാരായ പാകിസ്ഥാനെ അട്ടമറിക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഓസ്‌ട്രേലിയന്‍ ഗ്രൗണ്ടുകളില്‍ സിക്‌സടിക്കാന്‍ ഒരുവഴിയുണ്ട്! ഹാര്‍ദിക്കിനും പന്തിനും ധോണിയുടെ ഉപദേശം

സിംബാബ്‌വെയുടെ സെമി പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. അത്ഭുതങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം. നെതര്‍ലന്‍ഡ്‌സിനേയും ഇന്ത്യയേയുമാണ് അവര്‍ക്ക് ഇനി നേരിടാനുളളത്. ബുധനാഴ്ച്ച നെതര്‍ലന്‍ഡ്‌സിനെ നേരടും. ഗ്രൂപ്പില്‍ രണ്ടില്‍ നിലവില്‍ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ മൂന്ന് പോയിന്റാണ് അവര്‍ക്കുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം മഴ തടസപ്പെട്ടതിനെ തുര്‍ന്ന് പോയിന്റ് പങ്കിടേണ്ടിവന്നു. രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ അട്ടിമറിച്ചു. 

മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനോട് തോല്‍ക്കുകയായിരുന്നു. ജയിച്ചിരുന്നെങ്കില്‍ രണ്ടാം സ്ഥാനത്തെത്താമായിരുന്നു സിംബാബ്‌വെയ്ക്ക്. താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിക്കാനാവുമെന്നുള്ള ആത്മവിശ്വാസവും സിംബാബ്‌വെയ്ക്കുണ്ട്. അവസാന മത്സരത്തില്‍ ഇന്ത്യയോടെ തോറ്റാല്‍ പോലും തങ്ങളുടെ തിരിച്ചുവരവ് അടയാളപ്പെടുത്തിയാണ് സിംബാബ്‌വെ മടങ്ങുന്നത്. ഫ്‌ളവര്‍ സഹോദരന്മാരും ഹീത്ത് സ്ട്രീക്കും ഹെന്റി ഒലോങ്കയുമെല്ലാം ത്രസിപ്പിച്ച പോലെ സിംബാബ്‌യുടെ പുത്തന്‍ നിരയും ഒരുപിടി മികച്ച പ്രകടനങ്ങള്‍ തരുമെന്ന ഉറപ്പ് അവര്‍ നല്‍കുന്നുണ്ട്.

click me!