സിംബാബ്‌വെ ഇന്ത്യന്‍ പര്യടനത്തിനില്ല; പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

By Web TeamFirst Published Sep 25, 2019, 5:57 PM IST
Highlights

കഴിഞ്ഞ ജൂലൈയിലാണ് ഐസിസി സിംബാബ്വെയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ക്രിക്കറ്റ് ബോര്‍ഡിന്‍റെ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തിയതിനായിരുന്നു വിലക്ക്. ജനുവരിയിലായിരുന്നു പരമ്പര നിശ്ചയിച്ചിരുന്നത്. 

മുംബൈ: ഐസിസിയുടെ വിലക്ക് നേരിടുന്ന സിംബാബ്‌വെ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ പര്യടനത്തിനെത്തില്ല. ശ്രീലങ്കയാണ് അവര്‍ക്ക് പകമായി പര്യടനം നടത്തുക. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി 5, 7, 10 തിയ്യതികളിലാണ് മത്സരം നടക്കുക. യഥാക്രമം ഗുവാഹത്തി, ഇന്‍ഡോര്‍, പൂനെ എന്നിവിടങ്ങളിലാണ് മത്സരം. ക്ഷണം ശ്രീലങ്ക സ്വീകരിച്ചതായി ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് സിംബാബ്‌വെയുടെ ഐസിസി അംഗത്വം റദ്ദാക്കിയത്. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് നിയമ നടപടികളിലേക്ക് നയിച്ചത്. ഐസിസിയുടെ നിയമപ്രകാരം ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് മുന്നോട്ട് പോവേണ്ടത്. എന്നാല്‍ സിംബാബ്വെ ക്രിക്കറ്റ് ബോര്‍ഡ് വിരുദ്ധമായി കാര്യങ്ങള്‍ നീക്കി. വിലക്ക് വന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐസിസിയുടെ എല്ലാ സഹായങ്ങളും നിര്‍ത്തലാക്കിയിരുന്നു.

ഒരു ഐസിസി ടൂര്‍ണമെന്റിലും സിംബാബ്വെയ്ക്ക് കളിക്കാന്‍ കഴിയില്ലെന്നും അന്ന് സംസാരമുണ്ടായിരുന്നു. മൂന്ന് മാസത്തിനകം ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അന്ന് ഐസിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ വേണ്ടെന്ന മുറയ്ക്ക് അടുത്തിടെ ബംഗ്ലാദേശില്‍ ടി20 പരമ്പര കളിക്കാന്‍ ഐസിസി അനുവദിച്ചിരുന്നു.

click me!