ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനിടെ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പരിക്കേറ്റു. 

മുംബൈ: ടി20 ലോകകപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണയ്ക്ക് ടി20 ലോകകപ്പ് നഷ്ടമാകും. സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുന്നതിനിടെ പേസര്‍ ഹര്‍ഷിത് റാണയ്ക്കാണ് പരിക്കേറ്റത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ വെറും ഒരു ഓവര്‍ മാത്രം എറിഞ്ഞ റാണ, കാല്‍മുട്ടിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗ്രൗണ്ട് വിടുകയായിരുന്നു. റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തി. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പുറത്തുവിടാനിരിക്കുന്നതേയുള്ളൂ. നേരത്തെ ഇന്ത്യന്‍ സൂര്യകുമാര്‍ യാദവ്, റാണയ്ക്ക് പരിക്കേറ്റ കാര്യം സ്ഥിരീകരിച്ചിരുന്നു.

തന്റെ ഓവറിനിടയില്‍ രണ്ട് തവണ റണ്ണപ്പിനായി ശ്രമിച്ചെങ്കിലും വേദന കാരണം ഹര്‍ഷിത് റണ്ണപ്പ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ആ ഓവറില്‍ 16 റണ്‍സാണ് താരം വിട്ടുകൊടുത്തത്. പിന്നീട് മുട്ടില്‍ പിടിച്ചു കൊണ്ട് മുടന്തിയാണ് റാണ കളം വിട്ടത്. ബാറ്റിംഗിലും തിളങ്ങാന്‍ ശേഷിയുള്ള റാണയുടെ അഭാവം ഇന്ത്യയുടെ ടീം ബാലന്‍സിനെ ബാധിച്ചേക്കാം. ഹര്‍ഷിത് റാണയ്ക്ക് പുറമെ മറ്റ് ചില പ്രധാന താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ വാരിയെല്ലിന് പരിക്കേറ്റ സുന്ദര്‍ ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല.

സുന്ദര്‍ ലോകകപ്പിന് മുമ്പ് കായികക്ഷമത വീണ്ടടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലക് വര്‍മ്മ ബാറ്റിംഗ് നിരയില്‍ തിരിച്ചെത്തിയത് ഇന്ത്യക്ക് ആശ്വാസമായിട്ടുണ്ട്. സന്നാഹ മത്സരത്തില്‍ 19 പന്തില്‍ 45 റണ്‍സുമായി തിലക് മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

YouTube video player