തകര്‍ച്ചയില്‍ നിന്ന് കരകയറ്റി സ്മിത്തും ക്യാരിയും; ഓസീസ് പിടിച്ച് നില്‍ക്കുന്നു

By Web TeamFirst Published Jul 11, 2019, 4:54 PM IST
Highlights

 14 റണ്‍സ് മാത്രം പേരിലുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്റ്റീവന്‍ സ്മിത്തും അലക്സ് ക്യാരിയും ചേര്‍ന്നാണ് കരകയറ്റിയത്.  ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്

ബര്‍മിംഗ്ഹാം: ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടില്‍ നിന്ന് തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് ഓസ്ട്രേലിയ കരകയറുന്നു. 14 റണ്‍സ് മാത്രം പേരിലുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്റ്റീവന്‍ സ്മിത്തും അലക്സ് ക്യാരിയും ചേര്‍ന്നാണ് കരകയറ്റിയത്.  ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

കളി പുരോഗമിക്കുമ്പോള്‍ 25 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് എന്ന നിലയിലാണ് ഓസീസ്.  ക്രിസ് വോക്‌സ് രണ്ടും ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റും വീഴ്ത്തി. തന്‍റെ ആദ്യ ഓവറില്‍ തന്നെ കങ്കാരുക്കളെ ഞെട്ടിച്ചാണ് ആര്‍ച്ചര്‍ തുടങ്ങിയത്. മിന്നുന്ന ഫോമിലുള്ള ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആര്‍ച്ചറിന്‍റെ പന്തില്‍ വിക്കറ്റിന്  മുന്നില്‍ കുരുങ്ങി.

എന്നാല്‍, അടുത്ത ഓവറില്‍ ക്രിസ് വോക്സാണ് കങ്കാരുക്കള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചത്. 11 പന്തില്‍ ഒമ്പത് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറെ വോക്സ്, ജോണി ബെയര്‍സ്റ്റോയുടെ കെെകളില്‍ എത്തിച്ചു. ഇതോടെ ഓസ്ട്രേലിയക്കുണ്ടായ ആശങ്ക മുതലെടുത്ത് പീറ്റര്‍ ഹാന്‍ഡ്‍സ്കോംബിനെയും വോക്സ് തിരികെ പറഞ്ഞു വിട്ടു.

വന്‍ ബാറ്റിംഗ് തകര്‍ച്ച മുന്നില്‍ കണ്ട അവസരത്തിലാണ് സ്മിത്തും ക്യാരിയും ഒത്തുചേര്‍ന്നത്. ഇതിനിടെ  ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സറില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിക്ക് പരിക്കേറ്റത് ആശങ്ക സൃഷ്ടിച്ചു. പരിക്കേറ്റ താരം ബാന്‍ഡേജ് അണിഞ്ഞാണ് കളിക്കുന്നത്. ഓസീസ് ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം.

ആര്‍ച്ചറുടെ അപ്രതീക്ഷിത ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ക്യാരി ശ്രമിച്ചെങ്കിലും പന്ത് താടിയില്‍ തട്ടുകയും ഹെല്‍മറ്റ് ഊരിത്തെറിക്കുകയും ചെയ്തു. താടിയില്‍ മുറിവേറ്റ ക്യാരി ഉടന്‍ ഡ്രസിംഗ് റൂമിലേക്ക് വിരല്‍ചൂണ്ടി. ടീം ഫിസിയോ ഓടിയെത്തി താരത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.

click me!