നിരാശപ്പെടുത്തി വിജയ് ശങ്കറും കേദാര്‍ ജാദവും; കോലിയില്‍ വിശ്വസിച്ച് ടീം ഇന്ത്യ

By Web TeamFirst Published Jun 27, 2019, 5:20 PM IST
Highlights

ഓപ്പണര്‍മാര്‍ രണ്ടു പേരും പുറത്തായതോടെ കളത്തിലെത്തിയ വിജയ് ശങ്കര്‍ 19 പന്തില്‍ 14 റണ്‍സെടുത്താണ് പുറത്തായത്. മൂന്ന് ഫോറുകള്‍ നേടി ഫോമിലാണെന്ന് തോന്നിപ്പിച്ച ശേഷമാണ് കെമര്‍ റോച്ചിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന് ക്യാച്ച് നല്‍കി വിജയ് മടങ്ങിയത്

മാഞ്ചസ്റ്റര്‍: മികച്ച അടിത്തറയുമായി വന്‍ സ്കോറിലേക്ക് കുതിക്കുമെന്ന് കരുതിയ ഇന്ത്യന്‍ ടീമിന് കടിഞ്ഞാണിട്ട് വിന്‍ഡീസ്. നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ വിജയ് ശങ്കറും ഒപ്പം കേദാര്‍ ജാദവും വീണതോടെയാണ് മത്സരത്തിലേക്ക് വെസ്റ്റ് ഇന്‍ഡീസ് തിരിച്ചെത്തിയത്. 

ഓപ്പണര്‍മാര്‍ രണ്ടു പേരും പുറത്തായതോടെ കളത്തിലെത്തിയ വിജയ് ശങ്കര്‍ 19 പന്തില്‍ 14 റണ്‍സെടുത്താണ് പുറത്തായത്. മൂന്ന് ഫോറുകള്‍ നേടി ഫോമിലാണെന്ന് തോന്നിപ്പിച്ച ശേഷമാണ് കെമര്‍ റോച്ചിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന് ക്യാച്ച് നല്‍കി വിജയ് മടങ്ങിയത്. തൊട്ടു പിന്നാലെ എത്തിയ കേദാര്‍ ജാദവ് ഏഴ് റണ്‍സ് മാത്രം പേരില്‍ ചേര്‍ത്ത് തിരിച്ചു കയറി. കെമര്‍ റോച്ചിന് തന്നെയാണ് വിക്കറ്റ്.

അര്‍ധ സെഞ്ചുറിയുമായി കളത്തിലുള്ള വിരാട് കോലിയിലാണ് ഇപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍. ഒപ്പം ക്രീസിലുള്ള എം എസ് ധോണിക്ക് ഇന്ത്യയെ കരകയറ്റാനുള്ള വലിയ ഉത്തരവാദിത്വമാണ് മുന്നിലുള്ളത്. കളി പുരോഗമിക്കുമ്പോള്‍ 30 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്.

തുടക്കം തന്നെ വമ്പനടികള്‍ക്ക് ശ്രമിക്കാതെ നിലയുറിപ്പാക്കാനുള്ള നീക്കങ്ങളാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും നടത്തിയത്. സ്ഥിതി മനസിലാക്കി ഫോമിലെന്ന് തോന്നിപ്പിച്ച രോഹിത് ഗിയര്‍ മാറ്റിയ സമയത്താണ് നിര്‍ഭാഗ്യത്തിന്‍റെ രൂപത്തില്‍ വിക്കറ്റ് വീണത്.

കെമര്‍ റോച്ച് എറിഞ്ഞ അഞ്ചാം ഓവറിന്‍റെ അവസാന പന്ത് രോഹിത്തിന്‍റെ ബാറ്റില്‍ തട്ടിയാണ്  വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിന്‍റെ കെെകളില്‍ എത്തിയതെന്നാണ് മൂന്നാം അമ്പയര്‍ വിധിച്ചത്. ഗ്രൗണ്ട് അമ്പയറുടെ തീരുമാനം വിന്‍ഡീസ് റിവ്യൂവിന് വിട്ടതോടെയാണ് പുതിയ തീരുമാനം വന്നത്. 

വലിയ വിവാദങ്ങള്‍ ഈ വിക്കറ്റിനെ ചൊല്ലി പുകഞ്ഞ് തുടങ്ങിയിട്ടുണ്ട്. 23 പന്തില്‍ 18 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. പിന്നീട് കോലിക്കൊപ്പം മികവ് പ്രകടപ്പിച്ച കെ എല്‍ രാഹുല്‍ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. 64 പന്തില്‍ 48 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. 

click me!