Latest Videos

അവസാന ഓവറില്‍ ജയം; സെമി സാധ്യത നിലനിര്‍ത്തി പാക്കിസ്ഥാന്‍

By Web TeamFirst Published Jun 29, 2019, 10:32 PM IST
Highlights

പാക്കിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്തി. എട്ട് കളിയില്‍ ഒന്‍പത് പോയിന്‍റുമായി പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു.

ലീഡ്‌സ്: ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് പാക്കിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്തി. എട്ട് കളിയില്‍ ഒന്‍പത് പോയിന്‍റുമായി പാക്കിസ്ഥാന്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. അഫ്‌ഗാന്‍റെ 227 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി. അവസാന ഓവറുകളിലെ ബാറ്റിംഗ് മികവും(പുറത്താകാതെ 49 റണ്‍സ്) രണ്ട് വിക്കറ്റുമായി കളി പാക്കിസ്ഥാന് അനുകൂലമാക്കിയ ഇമാദ് വസീമാണ് കളിയിലെ താരം. സ്‌കോര്‍: അഫ്ഗാനിസ്ഥാന്‍- 227-9 (50), പാക്കിസ്ഥാന്‍-230-7 (49.4).

മറുപടി ബാറ്റിംഗില്‍ രണ്ടാം പന്തില്‍ ഫഖര്‍ സമാനെ മുജീബ് പുറത്താക്കിയെങ്കിലും പാക്കിസ്ഥാന്‍ തളര്‍ന്നില്ല. രണ്ടാം വിക്കറ്റില്‍ ഇമാം ഉള്‍ ഹഖും ബാബര്‍ അസമും പാക്കിസ്ഥാനെ കരകയറ്റി. ഇമാം ഉള്‍ ഹഖ്(36), ബാബര്‍ അസം(45), മുഹമ്മദ് ഹഫീസ്(19), ഹാരിസ് സൊഹൈല്‍(27), സര്‍ഫ്രാസ് അഹമ്മദ്(18), ഷദാബ് ഖാന്‍(11) എന്നിവരാണ് പുറത്തായ പാക് താരങ്ങള്‍. എന്നാല്‍ 49 റണ്‍സെടുത്ത ഇമാദ് വസീമും 15 റണ്ണുമായി വഹാബ് റിയാസും ചേര്‍ന്ന് പാക്കിസ്ഥാനെ ജയിപ്പിച്ചു. മുജീബും നബിയും രണ്ട് വിക്കറ്റ് വീതവും റാഷിദ് ഖാന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ പാക്കിസ്‌ഥാന്‍റെ ശക്തമായ ബൗളിംഗിനിടയിലും 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 227 റണ്‍സ് നേടി. 42 റണ്‍സ് വീതമെടുത്ത അസ്‌ഗാര്‍ അഫ്‌ഗാനും നജീബുള്ള സദ്രാനുമാണ് ടോപ് സ്‌കോറര്‍. പാക്കിസ്ഥാനായി ഷാഹീന്‍ അഫ്രിദി നാലും ഇമാദ് വസീമും വഹാബ് റിയാസും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.  ഗുല്‍ബാദിന്‍ നൈബ്(15), ഹഷ്‌മത്തുള്ള ഷാഹിദി(0), റാഹ്‌മത്ത് ഷാ(35), ഇക്രം അലി(24), മുഹമ്മദ് നബി(16), റാഷിദ് ഖാന്‍(8), ഹാമിദ് ഹസന്‍(1), സമീയുള്ള(19*), മുജീബ് റഹ്‌മാന്‍(7*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

click me!