സെഞ്ചുറിച്ചന്തമായി ഓവലില്‍ ഫിഞ്ച്; ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

By Web TeamFirst Published Jun 15, 2019, 5:16 PM IST
Highlights

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് സെഞ്ചുറി. ലങ്കയ്‌ക്ക് എതിരെ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. 

ഓവല്‍: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് സെഞ്ചുറി. 53 പന്തില്‍ അമ്പത് പിന്നിട്ട ഫിഞ്ച് 97 പന്തിലാണ് 14-ാം ഏകദിന സെഞ്ചുറിയിലെത്തിയത്. 33 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റിന് 185 റണ്‍സെന്ന നിലയിലാണ് ഓസീസ്. ഫിഞ്ചും(102) സ്‌മിത്തുമാണ്(36) ക്രീസില്‍. വാര്‍ണറെയും ഖവാജയെയും ധനഞ്ജയ ഡിസില്‍വ പുറത്താക്കി. 

ഫിഞ്ചും വാര്‍ണറും കരുതലോടെയാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. വെടിക്കെട്ട് ബാറ്റിംഗ് ഇന്നും പുറത്തെടുക്കാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞില്ല. 48 പന്തില്‍ 26 റണ്‍സെടുത്ത് നില്‍ക്കവേ വാര്‍ണറെ 17-ാം ഓവറില്‍ ധനഞ്ജയ ഡിസില്‍വ ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഖവാജയെ(10) നിലയുറപ്പിക്കും മുന്‍പേ ഡിസില്‍വ തന്നെ പുറത്താക്കി. 

ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഫോമിലല്ലാത്ത നഥാന്‍ കോള്‍ട്ടര്‍-നൈലിന് പകരം ബെഹ്രന്‍ഡോര്‍ഫ് ടീമിലെത്തി. ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. സുരംഗ ലക്മലിന് പകരം സിരിവര്‍ധനെ ടീമിലെത്തി. 
 

click me!