
മുംബൈ: കോടിക്കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ലോകകപ്പ് സ്വപ്നങ്ങള്‍ വിഫലമാക്കി സെമി കൈവിട്ട ഇന്ത്യന്‍ ടീമിന്‍റെ തോല്‍വിയില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ട്വിറ്ററിലൂടെയാണ് ആമിര്‍ കുറിപ്പ് പങ്കുവെച്ചത്. ഇന്ത്യന്‍ ടീമിന്‍റെ ഇതുവരെയുള്ള പ്രകടനങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ആമിറിന്‍റെ കുറിപ്പ്.
'നിര്‍ഭാഗ്യമാണ് വിരാട്. ഇത് നമ്മുടെ ദിവസം അല്ലായിരുന്നു. ഒന്നാം നമ്പര്‍ ടീമായി ലോകകപ്പ് സെമിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ വിജയിച്ചുകഴിഞ്ഞു. ടൂര്‍ണമെന്‍റിലുടനീളം നിങ്ങള്‍ നന്നായി കളിച്ചു. മഴ പെയ്തില്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്. അങ്ങനെയാണെങ്കില്‍ ചിലപ്പോള്‍ ഫലം മറ്റൊന്നാകുമായിരുന്നു. എങ്കിലും അഭിനന്ദനങ്ങള്‍, ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നു. സ്നേഹം' - ആമിര്‍ കുറിച്ചു.
ആമിറിന് പുറമെ ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ രാംപാല്‍, വരുണ്‍ ധവാന്‍, ബിപാഷ ബസു എന്നിവരും ട്വിറ്ററിലൂടെ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചും പരാജയത്തിലെ വിഷമം രേഖപ്പെടുത്തിയും കുറിപ്പുകള്‍ പങ്കുവെച്ചു.