ദില്ലി: ദില്ലിയിലെ ബിജെപി എംപിമാർക്കെതിരെ വിമർശനവുമായി ആംആദ്മി പാർട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ  മനിഷ് സിസോദിയ. ബിജെപിയുടെ ഏഴു എംപിമാരുണ്ടായിട്ടും രാജ്യ തലസ്ഥാനമായ ദില്ലിക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും സിസോദിയ ആരോപിച്ചു.

ഏഴ് എംപിമാർ ഈ നാടിനോ ജനങ്ങൾക്കോ വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?എന്നാൽ, കെജ്രിവാൾ സർക്കാരിനെ വിമർശിക്കുന്നതിൽ മാത്രം അവർക്ക് യാതൊരു സംശയവുമില്ലെന്നും സിസോദിയ പറഞ്ഞു. മുൻ ബിജെപി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായേയും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ദില്ലി സർക്കാരിനെ കടന്നാക്രമിച്ചും കേന്ദ്ര സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങൾ ഊന്നിപ്പറഞ്ഞുമായിരുന്നു ദില്ലിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണം. ഏറെ പ്രതീക്ഷയോടെ ദില്ലിയിലെ ജനങ്ങൾ ജയിപ്പിച്ച അരവിന്ദ് കെജ്രിവാൾ തന്റെ വാഗ്ദാനങ്ങളെല്ലാം മറന്നെന്നും അ‍ഞ്ച് വർഷം അദ്ദേഹത്തിന്റെ ദുർഭരണമാണു നടന്നതെന്നും അമിത് ആരോപിച്ചിരുന്നു. 

‘ആയിരം സ്കൂളുകൾ നിർമിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. എത്ര സ്കൂളുകൾ നിങ്ങൾ നിർമിച്ചു? പുതിയ ആശുപത്രികളും ഫ്ലൈഓവറുകളും നിർമിക്കുമെന്നു പറഞ്ഞു. പുതിയ ഫ്ലൈഓവറുകൾ നിർമിച്ചില്ല. പുതിയ കോളേജുകൾ ആരംഭിച്ചില്ല. യമുനാ നദി നിങ്ങൾ ശുദ്ധീകരിച്ചില്ല. വീടുകളിലെ കുടിവെള്ളം നിങ്ങൾ മലിനമാക്കി.’ - എന്നിങ്ങനെ അമിത് ഷാ ആരോപണമുന്നയിച്ചിരുന്നു.