
മുംബൈ:വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന് പകരക്കാരനായി ഋഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പന്തിനൊപ്പം അജിങ്ക്യാ രഹാനെയും ധവാന്റെ പകരക്കാരനായി പരിഗണിക്കാവുന്നതാണെന്ന് ഹര്‍ഭജന്‍ സിംഗ്. പരിക്കേറ്റ ധവാന് മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ധവാന് ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമാവും.
ധവാന്റെ നഷ്ടം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണെന്ന് ഹര്‍ഭജന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ധവാന്‍ ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിച്ചത്. ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുല്‍ സമീപകാലത്ത് ഓപ്പണറായി ഇറങ്ങിയിട്ടില്ല എന്നത് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ ധവാന്റെ പകരക്കാരനായി ഋഷഭ് പന്ത് തന്നെയാണ് എന്റെ ആദ്യ ചോയ്സ്.
പന്തിനൊപ്പം ശ്രേയസ് അയ്യരും ടീമിലെത്താന്‍ സാധ്യതയുള്ള താരമാണ്. എന്നാല്‍ അനുഭവസമ്പത്ത് കണക്കിലെടുക്കുകയാണെങ്കില്‍ അജിങ്ക്യാ രഹാനെയെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന കളിക്കാരനാണെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. രഹാനെ ഇപ്പോള്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുകയാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട, അനുഭവസമ്പത്തുള്ള കളിക്കാരനാണ് അദ്ദേഹം. മധ്യനിരയിലും ആശ്രയിക്കാവുന്ന കളിക്കാരനാണ് രഹാനെ. 2015ലെ ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരിലൊരാളുമാണ്. രാഹുലിനെ ഓപ്പണ്‍ ചെയ്യിച്ച് വിജയ് ശങ്കറെ നാലാം നമ്പറില്‍ കളിപ്പിക്കുന്നത് എത്രമാത്രം ഫലപ്രദമാകുമെന്ന് ഉറപ്പില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു.